ന്യൂഡൽഹി: മദ്യനയ അഴിമതിയെക്കുറിച്ചുള്ള ഓഡിറ്ററുടെ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് ഡൽഹി നിയമസഭയിൽ കൈയ്യാങ്കളി . ബിജെപി അംഗങ്ങളുമായി ഏറ്റുമുട്ടി സഭയിൽ ബഹളമുണ്ടാക്കിയ മുൻ മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ പന്ത്രണ്ട് പ്രതിപക്ഷ എംഎൽഎമാരെ ഡൽഹി നിയമസഭയിൽ നിന്ന് ഇന്നത്തേക്ക് സസ്പെൻഡ് ചെയ്തു. മുതിർന്ന എഎപി നേതാവ് ഗോപാൽ റായിയെയും നിയമസഭയിൽ നിന്ന് പുറത്താക്കി.
എഎപി അഴിമതി നടത്തിയെന്ന് ആരോപിച്ച ഒരു ഡസനിലധികം റിപ്പോർട്ടുകളിൽ ഒന്നാണ് ഇന്ന് രാവിലെ മേശപ്പുറത്ത് വച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അഥവാ സിഎജി റിപ്പോർട്ട്.
കെജ്രിവാൾ താമസിച്ചിരുന്ന ശീഷ്മഹൽ’ അഴിമതിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെജ്രിവാൾ താമസിച്ചിരുന്ന ബംഗ്ലാവ് പുതുക്കിപ്പണിയാൻ നികുതി പണം ഉപയോഗിച്ചതായാണ് ആരോപണം .
ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന നിയമസഭയെ അഭിസംബോധന ചെയ്തതോടെയാണ് ഇന്ന് സഭയിൽ ബഹളം ആരംഭിച്ചത്. അതിഷിയുടെ നേതൃത്വത്തിൽ പുറത്താക്കപ്പെട്ട എംഎൽഎമാർ ഡൽഹി നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം നടത്താനും ശ്രമിച്ചു. പ്ലക്കാർഡുകൾ വീശിയും പുതിയ ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.