ഗുമർവി ; വയറുവേദനയുമായെത്തിയ 33 കാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 33 ഓളം നാണയങ്ങൾ . ഹിമാചൽ പ്രദേശിലെ ഗുമർവിയിലാണ് സംഭവം. വയറുവേദനയെ തുടർന്ന് ജനുവരി 31 നാണ് യുവാവിനെ ഗുമർവിനിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മരുന്നുകൾ നൽകിയിട്ടും വേദനയ്ക്ക് കാര്യമായ മാറ്റം വരാത്തതിനെ തുടർന്ന് ഡോക്ടർമാർ എൻഡോസ്കോപ്പിയും മറ്റ് പരിശോധനകളും നടത്തി. തുടർന്നാണ് വയറ്റിൽ രണ്ട്, പത്ത്, അഞ്ച് രൂപ നാണയങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്.
തുടർന്ന് ഡോ. അങ്കുഷും സംഘവും മൂന്ന് മണിക്കൂർ നീണ്ട അടിയന്തിര ശസ്ത്രക്രിയയിലൂടെ 33 നാണയങ്ങൾ പുറത്തെടുത്തു, 247 ഗ്രാം ആയിരുന്നു അവയുടെ ഭാരം. ഓപ്പറേഷനിൽ, പ്രത്യേക മെഷീനിന്റെ സഹായത്തോടെ നാണയങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി ഇവ പുറത്തെടുക്കുകയായിരുന്നു.
യുവാവിന് സ്കീസോഫ്രീനിയ എന്ന മാനസികരോഗം ഉണ്ടാകാമെന്നാണ് ഡോ. അങ്കുഷ് പറയുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ നാണയങ്ങൾ വിഴുങ്ങുന്നത്. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലായിരുന്നെങ്കിൽ യുവാവിന്റെ നില ഗുരുതരമാകുമായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.