ഗാന്ധിനഗർ: ഉത്തരാഖണ്ഡിനു പുറമേ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഗുജറാത്തും . ഇതിനു മുന്നോടിയായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാർ അഞ്ചംഗ സമിതി രൂപീകരിച്ചു.
സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തുന്നതിനും അത് നടപ്പിലാക്കുന്നതിനുള്ള ബിൽ തയ്യാറാക്കുന്നതിനുമാണ് ഇത്. 45 ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള മതനേതാക്കളുമായി കൂടിയാലോചിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് അഭിപ്രായം തേടും. വിരമിച്ച ഐ.എ.എസ് ഓഫീസർ സി.എൽ. മീണ, അഭിഭാഷകൻ ആർ.സി. കൊഡേക്കർ, മുൻ വീർ നർമ്മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ദക്ഷേഷ് താക്കർ, സാമൂഹിക പ്രവർത്തക ഗീത ഷ്രോഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് നടപ്പിലാക്കിയ മാതൃകയിൽ ഗോത്ര പാരമ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് നിയമം നടപ്പാക്കാനാണ് തീരുമാനമെന്ന് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു. ഗോത്ര ആചാരങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.