കോട്ടയം ; തെള്ളകത്തെ തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരൻ ശ്യാം പ്രസാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . മർദ്ദനമേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറി ആന്തരിക രക്തസ്രാവമുണ്ടായി എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് . കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂര്‍ ചിറയില്‍വീട്ടില്‍ ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്.
കേസിൽ പിടിയിലായ ജിബിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് . അതേസമയം ശ്യാമിന്റെ മരണത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുകയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാർ. ഏത് ആവശ്യത്തിനും വിളിച്ചാൽ ഓടിയെത്തുന്ന ശ്യാം ഏവർക്കും പ്രിയങ്കരനായിരുന്നുവെന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രശാന്ത് കുമാര്‍ പറയുന്നു.
അടുത്തിടെ ശ്യാമിന്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ മരണപ്പെട്ടിരുന്നു. അത് ശ്യാമിനെ ഏറെ തളർത്തി. അന്ന് ശ്യാമിനെ ആശ്വസിപ്പിക്കുന്ന സമയത്ത് പ്രശാന്തിനോട് ‘ സാറേ നമ്മളിൽ ആരാണ് ആദ്യം മരിക്കുക ‘ എന്നാണ് ശ്യാം ചോദിച്ചത് . താനാണ് മരിക്കുന്നതെങ്കിൽ സാറിന് മെസേജ് അയക്കുമെന്നും അന്ന് ശ്യാം പറഞ്ഞിരുന്നു.