വിശാഖപട്ടണം ; നൂറാം വിക്ഷേപണത്തിലൂടെ ഐ എസ് ആർ ഒ ബഹിരാകാശത്തേയ്ക്ക് അയച്ച എൻ വി എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ . എൻ വി എസ് 02 വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല.
ഉപഗ്രഹത്തിന്റെ വാൽവുകളിൽ തകരാർ കണ്ടെത്തി . ദൗത്യം വിജയകരമാക്കാൻ മറ്റ് വഴികൾ തേടുന്നതായി ഐ എസ് ആർ ഒ വ്യക്തമാക്കി. ജി എസ് എൽ വിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത് . ഐ എസ് ആർ ഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്.
ഐ എസ് ആർ ഒ യുടെ നാവിക ശ്രേണിയിലെ പുതുതലമുറ ഉപഗ്രഹങ്ങളാണ് എൻ വി എസ് ശ്രേണിയിലേത് . ഐ ആർ എൻ എസ് എസ് ഉപഗ്രഹങ്ങളുടെ പിൻ ഗാമികളാണ് ഈ ഉപഗ്രഹങ്ങൾ.
ഉപഗ്രഹം ഇപ്പോൾ 170 കിലോമീറ്റർ അടുത്ത ദൂരവും, 37000 കിലോമീറ്റർ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണ് . ഇവിടെ ആറ് മാസം മുതൽ ഒരു വർഷം വരെ ഉപഗ്രഹം നിലനിൽക്കാം . ഉദ്ദേശിച്ച ഭ്രമണപഥത്തിലേയ്ക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാനാകില്ല . നിലവിലെ ഭ്രമണപഥത്തിൽ വച്ച് ഉപഗ്രഹത്തെ ഉപയോഗപ്പെടുത്താനുള്ള വഴികൾ തേടുമെന്ന് ഐ എസ് ആർ ഒ പറഞ്ഞു.