പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. തെളിവ് നശിപ്പിക്കാൻ സഹായിച്ച അമ്മാവൻ നിർമ്മല കുമാരൻ നായർക്ക് മൂന്ന് വർഷത്തെ തടവും കോടതി ശിക്ഷയായി വിധിച്ചു. ക്രിമിനൽ പശ്ചാത്തലമില്ലെന്നതും, പ്രായംകുറവാണെന്നതും വധശിക്ഷയ്ക്ക് തടസമല്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ആസൂത്രിത കൊലപാതകമാണ് ഗ്രീഷ്മ നടത്തിയതെന്നും കോടതി അടിവരയിട്ടു.
കോളേജിലേക്കുള്ള ബസ് യാത്രയിൽ ഉടലെടുത്ത പ്രണയം, പിന്നീട് ശാരീരിക ബന്ധത്തിലേക്കും വിവാഹത്തിലേക്കും നയിക്കപ്പെട്ടു. ഷാരോണിന്റെ വീട്ടിൽ വെച്ചും പിന്നീട് പള്ളിയിൽ വെച്ചും ഗ്രീഷ്മയുടെ പൂർണ്ണ സമ്മതത്തോടെ വിവാഹം നടന്നു. എന്നാൽ വിഷയം ഗ്രീഷ്മയുടെ വീട്ടിൽ അറിഞ്ഞതോടെ, മനസ്സ് മാറ്റാനുള്ള ശ്രമങ്ങളും പുതിയ വിവാഹാലോചനകളും ആരംഭിച്ചു. ജാതിയിലെ അന്തരവും, വരാനിരിക്കുന്ന പുതിയ വൈവാഹിക ബന്ധത്തിൽ നിന്നും ലഭിക്കാൻ പോകുന്ന നേട്ടങ്ങളും ബുദ്ധിമതിയും കൗശലക്കാരിയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവളുമായ ഗ്രീഷ്മയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഷാരോണുമായി അകലാൻ ഗ്രീഷ്മ കണ്ടെത്തിയ കാരണം, ആദ്യ ഭർത്താവ് മരിച്ച് പോകുമെന്നുള്ള ജ്യോതിഷ പ്രവചനമായിരുന്നു. എന്നാൽ ഈ പ്രവചനം ഗ്രീഷ്മ ഒരുക്കിയ ചതിയുടെ തിരക്കഥയിലെ ഒരു ഏട് മാത്രമായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ജ്യോത്സ്യ പ്രവചനം എന്ന കള്ളക്കഥ പറഞ്ഞ്, ഷാരോണിനെ അകറ്റാൻ ഗ്രീഷ്മ ശ്രമിച്ചു. എന്നാൽ, പരസ്പര സമ്മതത്തോടെ ഷാരോൺ ചിത്രീകരിച്ച ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പിന്നീട് തനിക്ക് വിനയായേക്കുമോ എന്ന് ഭയന്ന ഗ്രീഷ്മ, പുതിയ വിവാഹ നിശ്ചയത്തിന് ശേഷം രണ്ടും കൽപ്പിച്ച് ഒടുവിൽ ആ തീരുമാനത്തിലെത്തി. ഉടലും ഉയിരും മനവും പകുത്ത് പ്രണയിച്ച ഷാരോണിനെ ഇല്ലാതാക്കുക.
ഇതിന് വേണ്ടി മനപ്പൂർവ്വം ഷാരോണുമായി വീണ്ടും അടുത്ത ഗ്രീഷ്മ, ആദ്യ വധശ്രമം നടത്തിയത് ജ്യൂസ് ചലഞ്ച് എന്ന പേരിലായിരുന്നു. മാംഗോ ജ്യൂസിനുള്ളിൽ നിരവധി പാരസെറ്റമോൾ ഗുളികകൾ പൊടിച്ചിട്ട ശേഷം ഷാരോണിന് കുടിയ്ക്കാൻ നൽകി. ജ്യൂസ് കുടിച്ച ഷാരോൺ, കയ്പ്പുള്ളതായി പറഞ്ഞപ്പോൾ, കാലാവധി കഴിഞ്ഞ ജ്യൂസാകാം എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. അന്ന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഷാരോണിന് ഉണ്ടാകാതിരുന്നത് ഗ്രീഷ്മയെ നിരാശയാക്കി. മാത്രമല്ല, ജ്യൂസ് ചലഞ്ച് ഷാരോൺ വീഡിയോയിൽ പകർത്തിയത് തിരിച്ചടിയാകുകയും ചെയ്തു. എന്നാൽ പിന്നീടും പലയാവർത്തി ഗ്രീഷ്മ ഇത്തരത്തിൽ ഷാരോണിന് ജ്യൂസ് നൽകി.
പിന്നീടാണ് ഗ്രീഷ്മയിലെ കുശാഗ്രബുദ്ധിശാലിയായ ക്രിമിനൽ തന്റെ ഏറ്റവും നിന്ദ്യമായ ക്രൂരതയിലേക്ക് കടന്നത്. ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന സെക്സ് ചാറ്റിന് ശേഷം, ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചു. റെക്കോർഡ് ബുക്ക് വാങ്ങാൻ എന്ന പേരിൽ സുഹൃത്ത് റിജിനെ വഴിയിൽ നിർത്തി അടുത്ത ദിവസം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തി. അമ്മ പുറത്ത് പോയ ശേഷം ഗ്രീഷ്മ ഷാരോണിനെ മുറിയിലേക്ക് ക്ഷണിച്ചു. പ്രണയത്തിൽ നിന്നും ഷാരോൺ ഒരു കാരണവശാലും പിന്നോട്ടിലെന്ന് മനസ്സിലാക്കിയ ഗ്രീഷ്മ, ചതിയുടെ അന്ത്യ ഘട്ടത്തിലേക്ക് കടന്നു.
താൻ കഴിക്കുന്ന ഒരു കഷായം കയ്പ്പേറിയതാണെന്നും, അത് ഷാരോണും കുടിച്ച് നോക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കഷായം കുടിച്ച ഷാരോൺ ഛർദ്ദിച്ചതിനെ തുടർന്ന് ഗ്രീഷ്മ ജ്യൂസ് നൽകി. വീണ്ടും ഛർദ്ദിച്ച് അവശനായ ഷാരോണിനെ സുഹൃത്ത് വീട്ടിലെത്തിച്ചു. വഴിയിൽ ഉടനീളം ഷാരോൺ പച്ച നിറത്തിൽ ഛർദ്ദിക്കുന്നത് റിജിൻ കണ്ടത് പിന്നീട് കേസിൽ വഴിത്തിരിവായി.
തുടർന്ന് പാറശ്ശാല ആശുപത്രിയിലും പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കപ്പെട്ട ഷാരോണിന്റെ നില നിമിഷം പ്രതി വഷളായി. വായ മുതൽ ജനനേന്ദ്രിയം വരെയും അന്നനാളം മുതൽ കുടൽ വരെയും പൊള്ളി വെണ്ണീറായി. ആമാശയവും കരളും വൃക്കകളും രകതമയം അകന്ന് അഴുകി. ശ്വാസകോശം കരിഞ്ഞുണങ്ങി. നാവിന്റെ ഒരു ഭാഗം അഴുകി അടർന്ന് പോയി.
ഷാരോൺ ആശുപത്രി കിടക്കയിൽ പ്രാണവേദന അനുഭവിക്കുമ്പോഴും ഗ്രീഷ്മ നൽകിയ കഷായത്തെ കുറിച്ചോ ജ്യൂസിനെ കുറിച്ചോ ആരോടും പറഞ്ഞില്ല. എന്നാൽ, ഷാരോണിന്റെ ഫോണും ചാറ്റുകളും വീട്ടുകാർ പരിശോധിച്ചതോടെ കാര്യങ്ങൾ വ്യക്തമാകാൻ തുടങ്ങി.
കഷായത്തെ കുറിച്ച് അറിയാൻ ആയുർവേദ ഡോക്ടർ കൂടിയായ ഷാരോണിന്റെ സഹോദരൻ ഗ്രീഷ്മയെ വിളിച്ചു. കഷായത്തിന്റെ പേര് മറന്ന് പോയെന്ന് പറഞ്ഞ ഗ്രീഷ്മയോട്, കുപ്പിയിലെ ലേബൽ നോക്കി പറയാൻ സഹോദരൻ ആവശ്യപ്പെട്ടപ്പോൾ, കുപ്പി കഴുകി വെച്ചപ്പോൾ ലേബൽ നഷ്ടമായി എന്ന് ഗ്രീഷ്മ പറഞ്ഞു. കഷായം കുറിച്ച ഡോക്ടറുടെ കുറിപ്പടിയും നമ്പറും ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറി. ഷാരോണിന്റെ സഹോദരൻ ഷിമോണിനെ ഉൾപ്പെടെ അതിസമർത്ഥമായി കുരങ്ങുകളിപ്പിക്കുന്നത് ഗ്രീഷ്മ തുടർന്നപ്പോഴും, നരകവേദനയിൽ നീറി ഒരിറ്റ് വെള്ളം പോലും ഇറക്കാനാകാതെ ഷാരോൺ പിടയുകയായിരുന്നു.
അവസാന ശ്വാസം വരെയും ഗ്രീഷ്മയെ കുറിച്ച് ഒന്നും പറയാതെ പിടിച്ചു നിന്ന ഷാരോൺ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ പതിനൊന്നാം ദിവസം വെന്റിലേറ്ററിൽ വെച്ച് ഗ്രീഷ്മയുടെ വീട്ടിൽ പോയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അച്ഛനോട് തുറന്ന് പറഞ്ഞു. നിമിഷങ്ങൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഒരു സാധാരണ ഭക്ഷ്യവിഷബാധയായി ഒടുങ്ങുമായിരുന്ന ഷാരോണിന്റെ മരണത്തിൽ പിന്നീട് പോലീസിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായി. ഗ്രീഷ്മയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്ത പോലീസ് രഹസ്യമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോയി. ദൃക്സാക്ഷി എന്നത് അസാധ്യമായ കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും കൃത്യമായി പോലീസ് ശേഖരിച്ചു.
ഗ്രീഷ്മയുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസ് ചൂണ്ടിക്കാട്ടിയതോടെ പിടിച്ചു നിൽക്കാനാകാതെ വന്ന ഗ്രീഷ്മ, ഒടുവിൽ മനസ്സ് തുറന്നു. കഷായത്തിൽ കളനാശിനി ചേർത്ത് താൻ ഷാരോണിന് നൽകുകയായിരുന്നു. പാരസെറ്റമോൾ ജ്യൂസ് ചലഞ്ച് എന്ന സ്ലോ പോയിസണിംഗ് പൂർണ്ണമായി വിജയം കാണാതെ വന്നതോടെ, വിഷം കൊടുത്ത് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പാരസെറ്റമോൾ ഗുളിക, കളനാശിനി എന്നിവയുടെ അമിത ഉപയോഗം മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഗ്രീഷ്മ പലതവണ ഗൂഗിളിൽ സെർച്ച് ചെയ്തത് പോലീസ് കണ്ടെത്തി.
ഷാരോൺ അനുഭവിച്ചത് സമാനതകളില്ലാത്ത ദുർവിധിയാണ്. പ്രണയത്തിന്റെ അടിമയായിരുന്ന ഷാരോണിനെ സ്നേഹം എന്ന പര്യായപദം ചാർത്തിയാണ് കോടതി ആദരിച്ചത്. ഗ്രീഷ്മ ചതിച്ചതാണെന്ന് സംശയമുണ്ടായെങ്കിലും അവസാന നിമിഷം വരെയും ഷാരോൺ അവളെ രക്ഷിക്കാൻ ശ്രമിച്ചു. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വാവ എന്നാണ് വിശേഷിപ്പിച്ചതെന്ന് വിധി പ്രസ്താവം നടത്തവെ കോടതി ചൂണ്ടിക്കാട്ടി. പ്രണയം, സ്നേഹം എന്നീ ആശയങ്ങളുടെ അർത്ഥം തെറ്റായി വ്യാഖ്യാനിക്കാൻ ഗ്രീഷ്മയുടെ നീചപ്രവൃത്തി കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊലക്കയർ കിട്ടില്ലെന്നും, ജീവപര്യന്തം കിട്ടിയാൽ പോലും 38 വയസ്സിനുള്ളിൽ താൻ പുറത്തിറങ്ങി ജീവിതം ആരംഭിക്കുമെന്നുമുള്ള ഗ്രീഷ്മയുടെ വെല്ലുവിളികൾ ജലരേഖകളായി. അന്വേഷണ കാലയളവിൽ പോലീസിന് മുന്നിൽ ബോധം കെട്ട് വീണതും ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതുമെല്ലാം നാട്യങ്ങളാണെന്ന്, വധശിക്ഷാ വിധി കേട്ടപ്പോഴും നിർവികാരതയോടെയുള്ള ഗ്രീഷ്മയുടെ നിൽപ്പ് അടിവരയിട്ടു.
ഗ്രീഷ്മ ചെയ്ത കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമായി കാണാനാകില്ലെന്നും മേൽക്കോടതികളിൽ വധശിക്ഷയുടെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങൾ വന്നു കഴിഞ്ഞു. ഗ്രീഷ്മ സമർത്ഥയായ വിദ്യാർത്ഥിനിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും പ്രായവും പക്വതയും കുറവാണെന്നും അതിനാൽ ശിക്ഷയിൽ ഇളവുണ്ടാകുമെന്നും വാദങ്ങൾ ഉയരുന്നുണ്ട്. ടോക്സിക് ആയ ഒരു റിലേഷൻഷിപ്പിൽ നിന്നും പിന്മാറാനുള്ള വഴികൾ അവസാനിച്ചപ്പോൾ, ആത്മഹത്യക്ക് പകരം തിരഞ്ഞെടുത്തതാണ് കൊലപാതകം എന്നുമൊക്കെയുള്ള അശ്ലീല ന്യായീകരണങ്ങൾ സമൂഹത്തിലെ ഉന്നതർ തന്നെ നിരത്തിക്കഴിഞ്ഞു.
എന്നാൽ, ഗ്രീഷ്മയുടെ ഭാവിയും ശിക്ഷ നടപ്പാക്കലും എങ്ങനെ പരിണമിച്ചാലും, 23 വയസ്സ് മാത്രം പ്രായമുള്ള മകന്റെ ദാരുണമായ മരണത്തിന് സാക്ഷിയായി, പക്ഷാഘാതം വന്ന് ശരീരം തളർന്ന, മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും ശേഷിയില്ലാത്ത ഒരച്ഛന്റെ മുഖം മലയാളിയുടെ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നുണ്ട്. നിഷ്കളങ്കനായ എന്റെ കുഞ്ഞിന്റെ നിലവിളി കേട്ട ദൈവം നീതിമാനായ ന്യായാധിപനിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വന്നു എന്ന് വിലപിച്ച ഒരമ്മയുടെ ദീനസ്വരം മലയാളിയുടെ ഹൃദയകവാടങ്ങളിൽ ആർദ്രമായി പതിയുന്നുണ്ട്. ഒപ്പം, കൂടപ്പിറപ്പിന്റെ ചോരയ്ക്ക് കണക്ക് ചോദിക്കാൻ നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടി, തന്റെ കുടുംബത്തിന് താങ്ങും തണലുമായി നിൽക്കുന്ന ഒരു സഹോദരന്റെ കരളുറപ്പിന്റെ കരുത്തും.