തിരുവനന്തപുരം : പാറശാല ഷാരോൺ വധക്കേസിൽ ഒന്നം പ്രതി ഗ്രീഷ്മയും, മൂന്നം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാറും കുറ്റക്കാരാണെന്ന് കോടതി വിധി. രണ്ടാം പ്രതിയും , ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു.മൂന്നാം പ്രതിയായ നിർമ്മല കുമാർ തെളിവുകൾ നശിപ്പിച്ചതായും കോടതി കണ്ടെത്തി . തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത് . ശിക്ഷാ വിധി നാളെയുണ്ടാകും.നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കാമുകിയായ ഗ്രീഷ്മ സ്നേഹം നടിച്ച് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷം കൊടുത്തതിനും ,കൊലപാതകത്തിനും, അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചതുമടക്കമുള്ള കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്.
2022 ഒക്ടോബർ 14 നാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയത്. രാവിലെ പത്തരയോടേയെത്തിയ ഷാരോൺ അരമണിക്കൂറോളം അവിടെയുണ്ടായിരുന്നു. അതിനിടെയാണ് ഗ്രീഷ്മ കളനാശിനി കലർന്ന കഷായം നൽകുന്നത് . അപ്പോൾ മുതൽ ഛർദ്ദിച്ച് അവശനായ ഷാരോൺ 11 നാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങൾ തകർന്നായിരുന്നു മരണം.