കണ്ണൂർ: സിപിഎം നേതാവ് പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിനെ തുടർന്നാണ് അന്വേഷണം . ടെൻഡർ ക്ഷണിക്കാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന സ്ഥാപനത്തിന് നിർമ്മാണ കരാർ നൽകി എന്നതാണ് പ്രധാന ആരോപണം.
കെഎസ്യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൾ ലത്തീഫിനെതിരെയും അന്വേഷണം നടക്കും. മുൻ സർക്കാരിന്റെ കാലത്ത്, ദിവ്യയ്ക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടറേറ്റ് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന്, അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

