ലക്നൗ : അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികാഘോഷം ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. രാംലല്ലയ്ക്ക് ആരതി നടത്തി അന്നദാനം ആരംഭിച്ചു . യജ്ഞശാലയിൽ ഹവനം അടക്കമുള്ള ചടങ്ങുകളും നടത്തി. . 56 തരം വഴിപാടുകളാണ് രാംലല്ലയ്ക്കായി ഒരുക്കിയിരിക്കുന്നത്. ശുക്ല യജുർവേദത്തിലെ 1975 മന്ത്രങ്ങളാൽ അഗ്നിദേവന് വഴിപാടുകൾ അർപ്പിക്കും. 11 വൈദിക ആചാര്യന്മാർ മൂന്ന് ദിവസം ഈ ചടങ്ങ് പൂർത്തിയാക്കും.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഹിന്ദുപണ്ഡിതന്മാരും സന്യാസിമാരും അയോധ്യയിൽ എത്തിച്ചേർന്നു. ട്രസ്റ്റും ജില്ലാ ഭരണകൂടവും പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. സംഗീത-കലാ രംഗത്തെ പ്രമുഖർക്കും ക്ഷണമുണ്ട്.
50 ക്വിൻ്റലിലധികം പൂക്കൾ കൊണ്ട് ക്ഷേത്ര സമുച്ചയം അലങ്കരിച്ചിട്ടുണ്ട്. വിഐപി ഗേറ്റ് നമ്പർ 11 ഉൾപ്പെടെയുള്ള മറ്റ് പ്രവേശന കവാടങ്ങളിലും വലിയ അലങ്കാരങ്ങളുണ്ട്. പ്രത്യേക വിളക്കുകൾ എല്ലായിടത്തും സ്ഥാപിക്കാൻ നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.
പോലീസും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.വനിതകൾ ഉൾപ്പെടെ വൻ പൊലീസ് സേനയെ വിന്യസിക്കുമെന്ന് എസ്എസ്പി രാജ്കരൻ നയ്യാർ പറഞ്ഞു. പ്രവേശന കവാടങ്ങളിലെ സെക്യൂരിറ്റി ചെക്ക്പോസ്റ്റുകളിൽ സമഗ്രമായ പരിശോധനയുണ്ടാകും.
എല്ലാ ഭക്തർക്കും ദർശനം നൽകുന്നതിനുള്ള സമ്പൂർണ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.