ഡബ്ലിൻ: ഈ സീസണിലെ ആദ്യ കൊടുങ്കാറ്റായ ഓസ്റ്റിൻ ഇന്ന് കരതൊടും. ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റ് അയർലൻഡിൽ വീശിയടിക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാജ്യം മുഴുവനായി കാറ്റുമായി ബന്ധപ്പെട്ടുള്ള ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ ഇന്ന് രാത്രി 10 മണി മുതൽ ഓറഞ്ച് വാണിംഗ് നിലവിൽവരും. നാളെ പുലർച്ചെ അഞ്ച് മണിവരെയാണ് വാണിംഗ് നിലനിൽക്കുക. ഈ മണിക്കൂറുകളിൽ അതിശക്തമായ മഴ കൗണ്ടികളിൽ ലഭിക്കും. വെള്ളപ്പൊക്കത്തിനുൾപ്പെടെ ഇത് കാരണമാകും.
ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ പ്രത്യേക ഓറഞ്ച് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് നാളെ രാവിലെ രണ്ട് മണി മുതൽ നിലവിൽവരും. രാവിലെ എട്ട് മണിവരെയാണ് ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകുക.

