വാഷിംഗ്ടൺ : ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ ഒപ്പ് വച്ചേക്കുമെന്ന സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ . ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഇളവുകൾ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമ്പോൾ പരിഗണിക്കുന്ന ഘടകങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു . റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തുന്ന ഉപരോധങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മാർക്കോ റൂബിയോയുടെ പരാമർശം . ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളെ ബാധിക്കുന്നതായിരുന്നു ഈ ഉപരോധങ്ങൾ.
“ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമമാക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകും . ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഇളവുകളെക്കുറിച്ച് പ്രസിഡന്റ് തീരുമാനമെടുക്കുമ്പോൾ പരിഗണിക്കുന്ന കാര്യങ്ങളിൽ ഒന്നാണിത്,” ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റൂബിയോ പറഞ്ഞു.
ആഗോള വിതരണ സാഹചര്യങ്ങളും, അത് മറ്റ് രാജ്യങ്ങളിൽ ചെലുത്തുന്ന സ്വാധീനവും കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില ഉപരോധങ്ങളിൽ ഇളവ് നൽകേണ്ടി വന്നു എന്നും റൂബിയോ വ്യക്തമാക്കി. ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയരുന്നതാണ് ഇളവ് നൽകാനുള്ള ഒരു കാരണമെന്ന് റൂബിയോ ചൂണ്ടിക്കാട്ടി.
നാളെ ഇന്ത്യ സന്ദർശിക്കുന്ന റൂബിയോ മുംബൈയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും . റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ .’ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട്’ പ്രകാരം നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ഉപരോധങ്ങളിൽ “ദേശീയ സുരക്ഷ” മുൻനിർത്തി ഡൊണാൾഡ് ട്രംപ് ഇളവ് നൽകിയിരുന്നു. നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന ഈ നിയമം നടപ്പിലാക്കിയിരുന്നെങ്കിൽ, റഷ്യൻ ക്രൂഡ് ഓയിലോ വാതകമോ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെ അഞ്ച് പ്രധാന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്തപ്പെടുമായിരുന്നു.

