തിരുവനന്തപുരം : കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻ കൈ എടുത്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ. വിവാദമായ കിഫ്ബി ഏറ്റെടുക്കലിന് അടിയന്തിര നടപടിയ്ക്ക് നിർദേശം നൽകി എന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ് പിണറായി അഭിപ്രായം രേഖപ്പെടുത്തിയ കിഫ്ബി രേഖയാണ് പുറത്ത് വന്നത്.
വ്യവസായ വികസനത്തിന് അത്യാവശ്യമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ കിഫ്ബി സി ഇ ഒ യുമായുള്ള യോഗത്തിന്റെ വിവരങ്ങളാണിത് .കിഫ്ബി ഡയറക്ടർ ബോർഡിന്റെ 33-ാം ബോർഡ് യോഗത്തിന്റെ മിനിട്സ് അജണ്ടയാണിത്. 2018 ഒക്ടോബർ 25 നാണ് കിഫ്ബി സി ഇ ഒ ആയ കെ എം എബ്രഹാം അടക്കം പങ്കെടുത്ത യോഗത്തിലാണ് കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ അടക്കം ചർച്ചയായത്.
പദ്ധതി എത്രയും വേഗം പൂർത്തിയാക്കണം അതിനായുള്ള ഭൂമി അതിവേഗം ഏറ്റെടുക്കണം . എയർപോർട്ട് പരിസര വികസനം അടക്കമുള്ള കാര്യങ്ങൾ , വലിയ ഹോട്ടലുകൾ മറ്റ് സൗകര്യങ്ങൾ അടക്കമുള്ളവ അതിവേഗം പൂർത്തിയാക്കാൻ ഭൂമി ഏറ്റെടുക്കൽ ഒരു തരത്തിലും തടസമാകരുത് എന്നും പിണറായി പറഞ്ഞായി രേഖയിൽ സൂചിപ്പിക്കുന്നു.
1000 ഏക്കർ ഭൂമിയാണ് പാലക്കാട്, കണ്ണൂർ ജില്ലകളിലായി കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. കണ്ണൂരിൽ ഏക്കറിന് 2.5 കോടിയും പാലക്കാട് ഏക്കറിന് 1 കോടിയുമാണ് നൽകിയത് . വ്യവസായ വികസനത്തിന് അത്യാവശ്യമെന്ന് പറഞ്ഞു ഏറ്റെടുത്ത കണ്ണൂരിലെ ഭൂമിയിൽ ഒന്നും നടന്നില്ല.

