പാരീസ് : ജീവിതച്ചെലവ് വർധിക്കുന്നതിന്റെ പേരിൽ ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. പല നഗരങ്ങളിലും കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, കടകൾ കൊള്ളയടിക്കപ്പെട്ടു. ഫ്രാൻസിലുടനീളം ഏകദേശം 5,50,000 ആളുകൾ തെരുവിലിറങ്ങിയെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു. ഇതിൽ 1,10,000 പേരാണ് പാരീസിൽ നടന്ന കലാപത്തിൽ പങ്കെടുത്തത്. എന്നാൽ പ്രതിഷേധ സംഘാടകർ പറയുന്നത് ഇതിലും കൂടുതൽ ആളുകൾ തെരുവിലിറങ്ങിയെന്നാണ്.
പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ 1,200-ലധികം പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ 150 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധം, പിന്നീട് മറ്റ് സംഘടനകൾ ഏറ്റെടുത്തതോടെ കലാപമായി മാറുകയായിരുന്നു . സാമ്പത്തിക പ്രതിസന്ധികളോടും പൊതുസേവനങ്ങളിലെ തകർച്ചയോടും സർക്കാർ സ്വീകരിച്ച നിലപാടുകളിൽ അതൃപ്തരായ ട്രേഡ് യൂണിയനുകളും വിവിധ ഗ്രൂപ്പുകളും ഇതിൽ പങ്കുചേർന്നു.
പാരീസിലെ പ്രതിഷേധ പ്രകടനം ആദ്യം സമാധാനപരമായിരുന്നുവെങ്കിലും, വൈകുന്നേരമായതോടെ സ്ഥിതിഗതികൾ വഷളായി. മുഖംമൂടി ധരിച്ച അക്രമിസംഘങ്ങൾ തെരുവുകളിൽ തീയിടുകയും, ‘പ്ലേസ് ഡി ലാ റിപ്പബ്ലിക്’ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾക്ക് സമീപം വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
കടകൾ കൊള്ളയടിക്കപ്പെടുകയും വ്യാപാര സ്ഥാപനങ്ങൾ തകർക്കുകയും ചെയ്തു. ഒരു റെസ്റ്റോറന്റ് പൂർണ്ണമായും തീപിടിച്ചു നശിച്ചു. ബോർഡോയിൽ പ്രതിഷേധക്കാർ ‘ലൂയി വിറ്റൺ’ സ്റ്റോർ കൊള്ളയടിച്ചു. ലില്ലെയിൽ ‘ആപ്പിൾ’ സ്റ്റോറും ആക്രമിക്കപ്പെട്ടു.പാരീസിൽ വസ്ത്രശാലകളും ഭക്ഷണശാലകളും ആക്രമിക്കപ്പെട്ടു. ലില്ലെയിലും മാഴ്സെയിലും സർക്കാർ കെട്ടിടങ്ങൾക്കുള്ളിൽ പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയതായും റിപ്പോർട്ടുകളുണ്ട്.
അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും വ്യാപ്തി വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചരിത്രപ്രധാനമായ പ്രതിമകളിൽ പ്രതിഷേധക്കാർ കയറിനിൽക്കുന്നതും തീ ആളിക്കത്തുന്നതും ചിത്രങ്ങളിൽ കാണാം.പലയിടത്തും പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
“സർക്കാർ കാര്യാലയങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തുകയും, ടൗൺ ഹാളുകൾ ഉൾപ്പെടെയുള്ളവ കൊള്ളയടിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് “ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.

