ന്യൂഡൽഹി ; നവംബർ 1-ന് രാംലീല മൈതാനിയിൽ റാലി നടത്താൻ കോൺഗ്രസിന് അനുമതി നൽകി ഡൽഹി പോലീസ്. ഇതിനായി അധികൃതർ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ അനുവദിച്ചു. നവംബർ 1-ന് രാംലീല മൈതാനിയിൽ റാലി നടത്താൻ കോൺഗ്രസ് പദ്ധതിയിട്ടിരുന്നതായും, അതിനായി ആവശ്യമായ എൻ.ഒ.സി ലഭിക്കുന്നതിന് അവർ ഡൽഹി പോലീസിനെ സമീപിച്ചിരുന്നതായും ഡൽഹി പോലീസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ മുൻ നിർത്തിയാണ് കോൺഗ്രസ് റാലിക്കായി അനുമതി തേടിയത്. നേരത്തെ, ഒക്ടോബർ 12-ന് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നു.
ഒക്ടോബർ 25 മുതൽ നവംബർ 3 വരെയുള്ള കാലയളവിലേക്കാണ് എൻ.ഒ.സി അനുവദിച്ചിരിക്കുന്നത്. “രാംലീല മൈതാനം, സി.ബി.ഡി ഗ്രൗണ്ട്, ബുരാരി മൈതാനം എന്നിവ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കുമായി ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ഈ സാഹചര്യത്തിൽ, പ്രതിഷേധ വേദിയുടെ ലഭ്യതയെക്കുറിച്ച് കോൺഗ്രസ് പാർട്ടി മുനിസിപ്പൽ കോർപ്പറേഷനോട് അന്വേഷിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 3 വരെ വേദി ലഭ്യമാകുമെന്ന് എം.സി.ഡി പാർട്ടിയെ അറിയിക്കുകയും ചെയ്തു . തുടർന്ന്, എം.സി.ഡിയിൽ നിന്ന് വേദിയുടെ ലഭ്യത സംബന്ധിച്ച സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അവർ ഡൽഹി പോലീസിനെ സമീപിക്കുകയായിരുന്നു.” എന്നും പൊലീസ് പറഞ്ഞു.
“റാലിക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഞങ്ങൾ കോൺഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു. എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങളുമായും ഡൽഹി പോലീസ് ഏകോപനം നടത്തുന്നുണ്ടെന്ന് ഡി.സി.പി അറിയിച്ചു.

