ലെറ്റർകെന്നി: ലെറ്റർകെന്നി ടൗൺ സെന്ററിലെ പാർക്കിംഗ് ചാർജുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യം. 130 ഓളം സ്ഥാപനങ്ങളാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ ഡൊണഗൽ കൗണ്ടി കൗൺസിലിന് കത്ത് നൽകി.
പോർട്ട് റോഡിലും ലെറ്റർകെന്നി മെയിൻ സ്ട്രീറ്റിലും പാർക്കിംഗ് നിരക്ക് നേരത്തെ 1 യൂറോ ആയിരുന്നു. ഇത് 2.50 യൂറോ ആക്കി വർധിപ്പിക്കാനാണ് തീരുമാനം. വർധനവ് പ്രാബല്യത്തിൽ വന്നാൽ അത് പ്രദേശത്തെ വ്യാപാരികൾക്ക് വലിയ തിരിച്ചടിയായിരിക്കും.
ആളുകളെ തെരുവിലേക്ക് ആകർഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് പ്രദേശത്തെ വ്യാപാരികളിൽ ഒരാളായ ലിയോനാർഡ് വാട്സൺ പറഞ്ഞു. അതിന് തടസ്സം സൃഷ്ടിക്കരുത്. പാർക്കിംഗ് ചാർജുകൾ മാറ്റമില്ലാതെ തുടരണം. വാഹനം എവിടെ പാർക്ക് ചെയ്യണമെന്നും ഷോപ്പിംഗ് നടത്തണമെന്നും ആളുകൾക്ക് തിരഞ്ഞെടുക്കാം. തെരുവോരങ്ങളിലെ വ്യാപാരങ്ങളെ പിന്തുണയ്ക്കുന്നതിന് കൗൺസിൽ സഹായിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

