ലക്നൗ : ആത്മീയതയും ഭാരതീയ സംസ്കാരവും ലോകത്തിന് മുന്നിൽ പ്രചരിപ്പിക്കുന്ന ഒന്നാണ് പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേള . രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശസ്തരായ നിരവധി പേരാണ് പുണ്യസ്നാനത്തിനായി മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. ഇപ്പോഴിതാ ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യയും അമേരിക്കൻ ശതകോടീശ്വരിയുമായ ലോറീൻ പവൽ ജോബ്സും മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സൂചന. പൗഷ് പൂർണിമയിലെ ആദ്യ സ്നാനത്തിൽ പങ്കെടുക്കാനാണ് ലോറീൻ എത്തുന്നത്.
മഹാകുംഭത്തിൻ്റെ ഉദ്ഘാടന ദിവസം തന്നെ ലോറീൻ എത്തും. നിരഞ്ജനി അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര് സ്വാമി കൈലാസാനന്ദിൻ്റെ ക്യാമ്പിലാണ് ലോറീന് താമസിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജനുവരി 29 വരെ അവരുടെ ക്യാമ്പിൽ താമസിച്ച് സനാതന ധർമ്മത്തെ പറ്റി പഠനങ്ങൾ നടത്തും.
ജനുവരി 19 മുതൽ കൈലാസാനന്ദിൻ്റെ ക്യാമ്പിൽ ആരംഭിക്കുന്ന കഥയുടെ ആദ്യ അവതാരക കൂടിയാണ് അവർ. ഇവരെ കൂടാതെ ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും പ്രശസ്ത സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തി, സാവിത്രി ജിൻഡാൽ , ഹേമമാലിനി എന്നിവരും മഹാകുംഭത്തിൽ പങ്കെടുക്കും .