നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയുടെ സ്കന്ദമാതാ ഭാവത്തെയാണ് ആരാധിക്കുന്നത്. സുബ്രഹ്മണ്യ സ്വാമിയെ മടിയില്വെച്ചുകൊണ്ടുള്ള മാതൃഭാവത്തിന്റെ പൂര്ണതയാണ് ഈ ദിനത്തിന്റെ പ്രത്യേകത. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദമാതാ.
ശുക്ല പക്ഷത്തിലെ പഞ്ചമി തിഥിയിലാണ് നവരാത്രിയുടെ അഞ്ചാം ദിവസം ആചരിക്കുന്നത് . നവരാത്രിയിൽ അഞ്ചാം ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. മാതൃഭാവത്തിൽ, സ്നേഹനിധിയും വിനയാന്വിതയുമായ ദേവി തന്റെ ഭക്തർക്കെല്ലാം സന്തോഷം നൽകുന്നു. അവരെ ഒരിക്കലും വെറുംകൈയോടെ മടക്കി അയക്കില്ല. സ്കന്ദമാതാ ദേവി മാതൃത്വത്തിന്റെ പ്രതീകമാണ്. ദുർഗ്ഗാദേവിയുടെ ഈ രൂപത്തെ ഭക്തിയോടും അർപ്പണബോധത്തോടും കൂടി ആരാധിക്കുന്നവർക്ക് ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു.
ഹിന്ദു പുരാണങ്ങൾ പ്രകാരം, താരകാസുരൻ എന്ന അസുരൻ ഒരിക്കൽ അമരത്വം ലഭിക്കുന്നതിനായി ബ്രഹ്മാവിനോട് വരം ചോദിച്ചു. എന്നാൽ, മരണത്തെ ആർക്കും ഒഴിവാക്കാനാവില്ലെന്ന് പറഞ്ഞ് ബ്രഹ്മാവ് ആ ആവശ്യം നിരസിച്ചു. തുടർന്ന്, ലൗകിക ബന്ധങ്ങളിൽ നിന്ന് അകന്ന് കഠിനമായ തപസ്സിൽ മുഴുകിയിരിക്കുന്ന ശിവൻ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് കരുതിയ താരകാസുരൻ, ശിവ-പാർവ്വതിമാരുടെ പുത്രനാൽ മാത്രം മരണം സംഭവിക്കണം എന്ന വരം ആവശ്യപ്പെട്ടു.
ബ്രഹ്മാവ് ആ വരം നൽകി. താൻ അമരനാണെന്ന ബോധ്യത്തോടെ താരകാസുരൻ പ്രപഞ്ചത്തെ നശിപ്പിക്കാൻ തുടങ്ങി. ദേവന്മാർ മാർഗ്ഗനിർദ്ദേശത്തിനായി സമീപിച്ചപ്പോൾ, സതീദേവിയുടെ അവതാരമായ പാർവ്വതി ഹിമാലയ രാജാവിന്റെ പുത്രിയാണെന്നും ശിവനെ വിവാഹം കഴിക്കാൻ വിധിക്കപ്പെട്ടവളാണെന്നും മഹാവിഷ്ണു വെളിപ്പെടുത്തി. ശിവനും പാർവ്വതിയും തമ്മിലുള്ള വിവാഹശേഷം കാർത്തികേയൻ ജനിച്ചു. അസുരന്മാരുമായുള്ള പോരാട്ടത്തിൽ കാർത്തികേയന്റെ അസാധാരണമായ ശക്തിയും കഴിവും കണ്ടറിഞ്ഞ ബ്രഹ്മാവ് അദ്ദേഹത്തെ ദേവന്മാരുടെ സേനാപതിയായി തിരഞ്ഞെടുത്തു. പിന്നീട് കാർത്തികേയൻ താരകാസുരനെ വധിച്ചു. അന്നുമുതൽ പാർവ്വതീദേവി ‘സ്കന്ദമാതാവ്’ എന്നറിയപ്പെടുന്നു.
നാലുകൈകളാണ് ദേവിക്കുളളത്. വലതു കൈകളിലൊന്നില് ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതില് താമരപൂവുമാണ്. ഇടതുകൈകളില് വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് ദേവിയുടെ വാഹനം. ചൊവ്വാദോഷമുള്ളവർ സ്കന്ദമാതായെ ആരാധിച്ചാൽ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം.
ഈ പുണ്യദിനത്തിൽ, സന്താനഭാഗ്യം ലഭിക്കാൻ ആഗ്രഹിക്കുന്നവർ ചെറിയ പെൺകുട്ടികൾക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുകയും, വീട്ടിൽ പൂജയും ഹവനും നടത്തുകയും, ദുർഗ്ഗാ സപ്തശതി പാരായണം ചെയ്യുകയും വേണം.സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കും

