കൊച്ചി ; എറണാകുളം കടവുഭാഗം ജൂതപ്പള്ളിയ്ക്ക് സമീപമുണ്ടായ തീവയ്പ്പ് കേസിലെ ‘ബോസ്’ ആരാണെന്നു കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ് . തീവയ്പുണ്ടായി മണിക്കൂറുകൾക്കുള്ളിൽ വടയമ്പാടി സ്വദേശിയായ എബിൻ ബി. പോളിനെ (32) പൊലീസ് അറസ്റ്റ് െചയ്തിരുന്നു.
പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് രാജ്യാന്തര തീവ്രവാദ ബന്ധങ്ങളിലേക്കു വിരൽ ചൂണ്ടുന്ന നിർണായക ഡിജിറ്റൽ തെളിവുകളാണ് അന്വേഷക സംഘത്തിനു ലഭിച്ചത്. തുടർന്ന് ഐബി, എൻഐഎ തുടങ്ങിയ കേന്ദ്ര എജൻസികളടക്കം ഇയാളെ ചോദ്യം ചെയ്തു. പാക്കിസ്ഥാനുമായി ബന്ധമുള്ള ടെലഗ്രാം അക്കൗണ്ടുകളും ഹിന്ദിയിലുള്ള ചാറ്റുകളും ഫോണിൽനിന്നു കണ്ടെത്തിയെന്നാണ് സൂചന.
പ്രതിയുടെ ഫോണിൽനിന്നു കുറ്റകൃത്യവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി ഡിസിപി അരുൺ കെ.പവിത്രൻ പറഞ്ഞു. പ്രതി ഒരാളുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരം വ്യക്തമായിട്ടുണ്ട്. ഇത് ആരാണ് എന്നത് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പ്രതിയായ ആൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഗ്രൂപ്പുകളിൽ അംഗമാണ്. തീവയ്പുമായി ബന്ധപ്പെട്ട വിവരങ്ങള് ഇതിലൊരു ഗ്രൂപ്പിൽ പങ്കുവച്ചിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
നിർദേശിക്കപ്പെടുന്ന ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി അതിന്റെ ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുക്കുക, ഇതിനു പ്രതിഫലം കൈപ്പറ്റുക എന്നതായിരുന്നു പ്രതിയുടെ രീതി. ഈ രീതിയിലാണ് ഇയാൾ എറണാകുളത്തും പ്രവർത്തിച്ചത്. ആക്രമണത്തിനു പ്രതിഫലമായി ക്രിപ്റ്റോ കറൻസി മുഖേനയാണു പണമിടപാടുകൾ നടന്നത്. ഇതിന്റെ സ്ക്രീൻഷോട്ടുകളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.

