പൂനെ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും പീഡനം നേരിട്ട ഐടി ജീവനക്കാരി ജീവനൊടുക്കി. പൂനെയിലാണ് സംഭവം . സെപ്റ്റംബർ 29-നാണ് തൃഷ്ണ രാഹുൽ സക്പാൽ എന്ന 33 കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാഹുൽ സക്പാൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.
2018-ലായിരുന്നു തൃഷ്ണയും രാഹുലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം, തന്റെ മുഴുവൻ ശമ്പളവും ഭർതൃവീട്ടുകാർക്ക് നൽകണമെന്നും, തൃഷ്ണയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് ഭർതൃമാതാവിന്റെ പേരിലേക്ക് മാറ്റണമെന്നും, ഭർതൃപിതാവിന് ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി തൃഷ്ണയുടെ പിതാവ് ബാലകൃഷ്ണ നിഗം നൽകിയ പരാതിയിൽ പറയുന്നു.
ശാരീരിക പീഡനം സഹിക്കാനാവാതെ 2021-ൽ തൃഷ്ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ, പുനർവിവാഹത്തിനായി ഭർത്താവ് വിവാഹമോചന ഹർജി നൽകിയിരുന്നെങ്കിലും ആ കേസ് കോടതിയിൽ തീർപ്പാകാതെ കിടക്കുകയാണ്. പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, തന്റെ മരണത്തിന് ഭർത്താവ്, ഭർതൃ മാതാവ് വൈശാലി, ഭർതൃ പിതാവ് സഞ്ജയ്, ഭർതൃ സഹോദരി , സഞ്ജയുടെ മാതാവ് ശകുന്തള സലുങ്കെ എന്നിവരാണ് ഉത്തരവാദികളെന്ന് തൃഷ്ണ പറഞ്ഞിട്ടുണ്ട്. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ അഞ്ച് പേർക്കുമെതിരെ കേസെടുത്തു.

