തിരുവനന്തപുരം : കേരളം, തമിഴ്നാട്, കർണാടക എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി . ഒഡീഷ, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ ഗവർണറായും രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാടിന്റെ ഗവർണറായും നിയമിക്കപ്പെട്ടു.
ബ്രജ് മോഹൻ റാമാണ് ഒഡീഷയുടെ ഗവർണറായി ചുമതലയേൽക്കുക. കർണാടകയിൽ ഡോ. സുധ യാദവും, ഉത്തരാഖണ്ഡിൽ ഡോ. ധാൽ സിംഗ് ബിസെനും, സിക്കിമിൽ ദുഷ്യന്ത് ഗൗതമും ഗവർണർമാരായി സ്ഥാനമേൽക്കും.
കേരള ഗവർണറായി നിയമിതനായ ഓം പ്രകാശ് മാഥൂർ രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബിജെപി, ആർ എസ് എസ് നേതാവാണ്. പാർട്ടി സംസ്ഥാന അധ്യക്ഷനായും രാജ്യസഭാ എംപിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 74-കാരനായ അദ്ദേഹം രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി സ്വദേശിയാണ്. മുൻ ഉപരാഷ്ട്രപതിയും ബിജെപി നേതാവുമായ ഭൈറോൺ സിംഗ് ഷെഖാവത്താണ് രാഷ്ട്രീയത്തിലേയ്ക്ക് മാഥൂറിനെ എത്തിച്ചത് . ഗുജറാത്ത് ബിജെപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

