ന്യൂഡൽഹി : എസ് ഐ ആർ പ്രക്രിയയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ . കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് 10 പ്രതിപക്ഷ നേതാക്കളും ചേർന്നാണ് ഹർജി സമർപ്പിച്ചത്. വാദം കേൾക്കുന്നതിനായി ഹർജി ലിസ്റ്റ് ചെയ്യുന്നതിന് ഇതുവരെ അനുമതി നേടിയിട്ടില്ല.
ഒമ്പത് ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവം, വ്യക്തതയില്ലാത്ത അനുബന്ധ രേഖകൾ, 220 രൂപയുടെ കോർട്ട് ഫീ കുറവ് എന്നിവയാണ് പ്രധാന പിഴവുകൾ. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമുള്ള റിട്ട് ഹർജിയിൽ വ്യക്തിഗത തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ എന്തിനാണ് സ്വകാര്യ എതിർകക്ഷികളായി ഉൾപ്പെടുത്തിയത് എന്നതിലും രജിസ്ട്രി വിശദീകരണം തേടിയിട്ടുണ്ട്. ഹർജി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവുകളാണ് ഇവ. ഹർജിയുടെ ഉള്ളടക്കത്തെയോ അതിലെ വാദങ്ങളുടെ സാധുതയെയോ ബാധിക്കുന്ന നിയമപരമായ കാര്യങ്ങളല്ല ഇത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ രേഖയുടെ വ്യക്തവും വായിക്കാവുന്നതുമായ പകർപ്പ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഒപ്പിടേണ്ട അംഗീകാര പത്രങ്ങളുടെ അഭാവമാണ് കോടതി ചൂണ്ടിക്കാട്ടിയത്
എസ് ഐ ആർ നടപടികൾ ആരംഭിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജൂൺ 24-ലെ ഉത്തരവിന്റെ ഡിജിറ്റൽ പകർപ്പ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകളുടെയും, വോട്ടർമാരെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും വ്യക്തമായ പകർപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരെയാണ് ഹർജിയിൽ എതിർകക്ഷികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ വരുത്തിയ മാറ്റങ്ങളും മറ്റും നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധിക്കുന്നതിനായി, സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരും പ്രമുഖ വ്യക്തികളും അടങ്ങുന്ന സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ കോടതി തീരുമാനമെടുക്കുന്നത് വരെ, വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പുതുക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
മുൻകൂട്ടി അറിയിപ്പ് നൽകാതെയും, പറയാനുള്ള കാര്യങ്ങൾ ബോധിപ്പിക്കാൻ ന്യായമായ അവസരം നൽകാതെയും ഒരു വോട്ടറെപ്പോലും പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും അർഹരായ വോട്ടർമാർക്ക് നിയമപരമായി നിശ്ചയിച്ചിട്ടുള്ള അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉറപ്പാക്കണം, പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ, നീക്കം ചെയ്യാനുള്ള കാരണങ്ങൾ, ലിംഗ-പ്രായ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ എന്നിവ ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുക, ഒപ്പം അർഹരായ വോട്ടർമാരെ പട്ടികയിൽ തിരിച്ചെത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക എന്നിവയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

