ലക്നൗ : ഉത്തർപ്രദേശിലെ ജേവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഈ വിമാനത്താവളം ഉത്തർപ്രദേശിന് ലഭിച്ച വലിയൊരു സമ്മാനമാണെന്ന് വിശേഷിപ്പിച്ച ആദിത്യനാഥ്, ഇതിനായി പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കുന്നതായും പറഞ്ഞു.
“ജേവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന് സമ്മാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉത്തർപ്രദേശ് മന്ത്രിസഭ നന്ദി രേഖപ്പെടുത്തുന്നു. ഇതിന് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ-ജേവാർ’ എന്ന് പേരിടാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും ഇത് മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം മാർച്ച് 28-നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂൺ 15-ന് ലക്നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണിവിടെ ആദ്യം ലാൻഡ് ചെയ്തത്.
ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി പദ്ധതി നടപ്പിലാക്കുന്ന ഏജൻസിയായ ‘നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡു’മായി സഹകരിച്ച്, സ്വിസ് കമ്പനിയായ ‘സ്യൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജി’-യുടെ ഉപസ്ഥാപനമായ ‘യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഈ വിമാനത്താവളം വികസിപ്പിച്ചത്.

