ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ടയർ സുരക്ഷാ ദിനം. ഇതിന്റെ ഭാഗമായി ഇന്ന് നിരത്തുകളിൽ കർശന പരിശോധന നടത്തും. ഈ വാരം റോഡ് സുരക്ഷാ വാരമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ ദിനം ടയർ സുരക്ഷാ ദിനമായി ആചരിക്കുന്നത്.
റോഡ് സുരക്ഷാ അതോറിറ്റിയും ഗാർഡയും സംയുക്തമായിട്ടാണ് പരിശോധന. തേയ്മാനം സംഭവിച്ചതോ സുരക്ഷിതമല്ലാത്തതോ ആയ ടയറുകൾ ഉള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ പോലീസ് പിടിയിലാകും. ഇക്കൂട്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ടയറിന് തകരാർ ഉണ്ടെങ്കിൽ 80 യൂറോ പിഴയും രണ്ട് പെനാൽറ്റി പോയിന്റും ലഭിക്കും. വാഹന യാത്രയിൽ സുരക്ഷിതമായ ടയറുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കൂടി ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ ദിനം.

