കൊൽക്കത്ത : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ മമത ബാനർജി കാലിനേറ്റ പരിക്ക് വ്യാജമായി സൃഷ്ടിച്ചതാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി . മമതയുടെ ഈ വ്യാജ പരിക്കിനെ പറ്റി സർക്കാർ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നന്ദിഗ്രാമിലെയും രാജ്നഗറിലെയും ഉപതിരഞ്ഞെടുപ്പുകൾ കാരണം പെരുമാറ്റച്ചട്ടം ഇപ്പോഴും പ്രാബല്യത്തിൽ ഉള്ളതിനാൽ ഒക്ടോബർ 9 ന് ശേഷം തന്റെ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
“2021 ൽ നന്ദിഗ്രാമിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജി കാലിന് പരിക്കേറ്റതായി കാണിച്ചു. എന്നാൽ മമതയ്ക്ക് ഒടിവോ സ്ഥാനഭ്രംശമോ ഉണ്ടായതായി തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഞങ്ങളുടെ പക്കലുണ്ട്. ഈ വിഷയത്തിൽ ഞങ്ങൾ അന്വേഷണം ആരംഭിക്കും.” സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം, ടിഎംസി എംഎൽഎ കുനാൽ ഘോഷ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. നിലവിൽ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായതിനാൽ അദ്ദേഹത്തിന് ഏത് അവകാശവാദവും ഉന്നയിക്കാമെന്ന് കുനാൽ ഘോഷ് പറഞ്ഞു. “ഒടിവുണ്ടെങ്കിൽ മാത്രമേ ബാൻഡേജ് ആവശ്യമുള്ളൂ എന്ന് മുഖ്യമന്ത്രിയോട് ആരാണ് പറഞ്ഞത്? ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റാലും അല്ലെങ്കിൽ പരിക്ക് ഒടിവ് പോലെയാണെങ്കിലും ബാൻഡേജ് ആവശ്യമാണ്. ഒടിവ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന് എങ്ങനെ ഉറപ്പുണ്ട്? അദ്ദേഹം ഭരിക്കുന്നതിനാൽ , ഏത് അവകാശവാദവും ഉന്നയിക്കാനും കഴിയും.”കുനാൽ ഘോഷ് പറഞ്ഞു.
2021 മാർച്ച് 10 ന് നന്ദിഗ്രാമിലെ ബിരുലിയ പ്രദേശത്തെ റെയപാറയിൽ പ്രചാരണം നടത്തുന്നതിനിടെ അജ്ഞാതരായ ചിലർ തന്നെ തള്ളിയതായും തുടർന്ന് കാറിന്റെ തുറന്ന വാതിലിൽ ഇടിച്ച് ഇടതുകാലിന് പരിക്കേറ്റതായും മമത പറഞ്ഞിരുന്നു . തുടർന്ന് മമതയെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മമതയ്ക്ക് ഇടതു കണങ്കാലിനും കാലിലെ അസ്ഥിക്കും ലിഗമെന്റിനും ഗുരുതരമായ പരിക്കേറ്റതായി അന്ന് ടിഎം സി നേതാക്കൾ പറഞ്ഞിരുന്നു . അതിനു ശേഷം, മമത ബാനർജി വീൽചെയറിലായിരുന്നു പ്രചാരണം നടത്തിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎംസി 210-ലധികം സീറ്റുകളോടെ ചരിത്ര വിജയമാണ് നേടിയത് .

