ന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി. കേന്ദ്രസർക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഈ നയതന്ത്ര നേട്ടം. വ്യാജ ഐഡന്റിറ്റിയും തുർക്കി പൗരത്വവും ഉപയോഗിച്ച് കഴിഞ്ഞ നവ്പ്രീത് സിംഗിനെ ഇന്ത്യൻ ഏജൻസികൾ കണ്ടെത്തി, യഥാർത്ഥ ഐഡന്റിറ്റി ഉറപ്പാക്കിയിരുന്നു.
അതിന് ശേഷമാണ് തുർക്കി സിംഗിനെ ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ സിംഗ് വിചാരണ നേരിടുന്നുണ്ട്. നവ്പ്രീത് സിംഗ് നവാബ് വിരാക് എന്ന വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് തുർക്കി പൗരത്വം നേടിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നിവ ഇന്ത്യയിലേക്ക് കടത്തുന്നതിനു പിന്നിലും നവ്പ്രീത് സിംഗാണ്.
ഇന്ത്യയിൽ എത്തിയ സിംഗിനെ മയക്കുമരുന്ന് കടത്തും മറ്റ് കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രധാന അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് നവ്പ്രീത് സിംഗിന്റെ വിവരങ്ങൾ പുറത്തുവന്നത്. തുർക്കിയിൽ നിന്ന് ഈ ശൃംഖല പ്രവർത്തിപ്പിക്കുന്ന പ്രധാന കണ്ണിയായിരുന്നു സിംഗ് . നവ്പ്രീതിന്റെ ബന്ധു പ്രഭദീപ് സിംഗാണ് ഇന്ത്യയിലെ ശൃംഖലയുടെ പ്രവർത്തനങ്ങളിലെ പ്രധാനിയായി പ്രവർത്തിക്കുന്നത്.
2021-ൽ സൗത്ത് ഡൽഹിയിൽ നിന്ന് റിസ്വാൻ കശ്മീരിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഈ കേസിൽ അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയുമായി ബന്ധമുള്ള വലിയ ശൃംഖലയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു . തുടർന്ന്, ഫരീദാബാദിൽ നിന്ന് വൻതോതിൽ ഹെറോയിൻ കണ്ടെടുത്തു. അന്വേഷണത്തിനിടെ, ഒരു വാഹനത്തിൽ നിന്ന് 166 കിലോ ഹെറോയിനും മറ്റൊരു വാഹനത്തിൽ നിന്ന് 115 കിലോ ഹെറോയിനും കണ്ടെടുത്തിരുന്നു.

