ഒട്ടാവ : ഖലിസ്ഥാനികളുമായി ചേർന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ച ജസ്റ്റിൻ ട്രൂഡോ കളം ഒഴിഞ്ഞു . ലിബറൽ പാർട്ടി എംപിമാർ ഏതാനും ആഴ്ചകളായി ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്.
ട്രൂഡോയുടെ രാജിക്ക് ശേഷം കാനഡയുടെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത് . മുൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡാണ് മത്സരത്തിൽ മുന്നിൽ. ക്രിസ്റ്റിയ തന്നെയാണ് ഡിസംബർ 16ന് ട്രൂഡോ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ട്രൂഡോയുടെ രാജി ആദ്യം ആവശ്യപ്പെട്ടതും ക്രിസ്റ്റിയ തന്നെ .
ട്രൂഡോയെ എതിർക്കുന്ന ലിബറൽ എംപിമാർ ക്രിസ്റ്റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . തിങ്കളാഴ്ച ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ ക്രിസ്റ്റിയ ട്രൂഡോക്ക് നന്ദി പറഞ്ഞ് കുറിപ്പും നൽകിയിരുന്നു . “ജസ്റ്റിൻ ട്രൂഡോ കാനഡയ്ക്കും കാനഡക്കാർക്കുമായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചതിന് ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു.“ എന്നാണ് ക്രിസ്റ്റിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ലിബറൽ പാർട്ടി നേതാവ് മാർക്ക് കാർണിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. പാർട്ടിയുടെ പ്രത്യേക ഉപദേഷ്ടാവും, സാമ്പത്തിക വികസനത്തിനായുള്ള ടാസ്ക് ഫോഴ്സിൻ്റെ ചെയർമാനുമാണ് മാർക്ക് കാർണി.ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നേരത്തെ മത്സരരംഗത്തുണ്ടായിരുന്ന വ്യക്തിയാണ് ഡൊമിനിക് ലെബ്ലാങ്ക്.അടുത്ത തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ലിബറൽ പാർട്ടി എംപിമാർ തന്നോട് ആവശ്യപ്പെട്ടാൽ അത്ഭുതപ്പെടാനില്ല. നിരവധി ലിബറൽ പാർട്ടി എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്നും ലെബ്ലാങ്ക് പറയുന്നു.
ട്രൂഡോയുടെ പിൻഗാമിയെന്ന് മാദ്ധ്യമങ്ങൾ വാഴ്ത്തുന്ന മെലാനി ജോളിയാണ് മറ്റൊരു സ്ഥാനാർത്ഥി. 2019ലാണ് അനിതാ ആനന്ദിനെ ആദ്യമായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. അതിനുശേഷം നിരവധി വകുപ്പുകളുടെ ചുമതല അവർ ഏറ്റെടുത്തു. ഇന്ത്യൻ വംശജയാണ് അനിത
57 കാരിയായ അനിത ആനന്ദ് അഭിഭാഷകയാണ്. നിലവിൽ ഗതാഗത, ആഭ്യന്തര വാണിജ്യ മന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ബിരുദം, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജൂറിസ്പ്രൂഡൻസ് ബിരുദം, ഡൽഹൗസി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം, ടൊറൻ്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്.