ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഭീകരവാദം, കശ്മീർ, സിന്ധു നദീജല കരാർ എന്നിവയെക്കുറിച്ച് പാകിസ്ഥാൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ . അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥൻ നൽകുന്ന പിന്തുണയ്ക്ക് ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾ യാഥാർത്ഥ്യത്തെ മാറ്റാൻ പോകുന്നതല്ലെന്നും പെറ്റൽ ഗഹ്ലോട്ട് പറഞ്ഞു . “സ്വന്തം ജനതയ്ക്കെതിരെ തലസ്ഥാന നഗരിയെത്തന്നെ കോട്ടകെട്ടി സുരക്ഷിതമാക്കുന്ന ഒരു ഭരണകൂടത്തിൽ നിന്ന് ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചുമുള്ള കാപട്യം നിറഞ്ഞ പ്രസംഗങ്ങൾ ഞങ്ങൾ കേട്ടു. സൈന്യത്തിന്റേതായ, സൈന്യത്താലുള്ള, സൈന്യത്തിനു വേണ്ടിയുള്ള ഒരു ഭരണകൂടമായതുകൊണ്ടാണ് അത് സംഭവിക്കുന്നത്.
ആരാണ് യഥാർത്ഥത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് മനസ്സിലാക്കുന്നതിൽ നമുക്ക് തെറ്റിദ്ധാരണ വേണ്ട. പാകിസ്ഥാന്റെ 27-ാം ഭരണഘടനാ ഭേദഗതിയിലും അതിന്റെ യഥാർത്ഥ ഭരണാധികാരിക്ക് നൽകിയിട്ടുള്ള ആജീവനാന്ത പരിരക്ഷയിലുമാണ് പാകിസ്ഥാന്റെ യഥാർത്ഥ അവസ്ഥ പ്രതിഫലിക്കുന്നത്.‘ പെറ്റൽ ഗഹ്ലോട്ട് പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ ഷഹബാസ് ഷെരീഫ് സർക്കാർ പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചാണ് പെറ്റൽ പരാമർശിച്ചത്. പാകിസ്ഥാന്റെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സും ആർമി സ്റ്റാഫ് മേധാവിയുമായ ഫീൽഡ് മാർഷൽ ആസിം മുനീറിന് നിയമനടപടികളിൽ നിന്ന് ആജീവനാന്ത പരിരക്ഷ നൽകുന്നതാണ് ഈ ഭേദഗതി.
“പാകിസ്ഥാനെയും അതിന്റെ നയങ്ങളെയും, അവരുടെ പ്രതിനിധി തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതുപോലെയല്ല, മറിച്ച് അവയുടെ യഥാർത്ഥ രൂപത്തിൽത്തന്നെ ഈ സഭ തിരിച്ചറിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വർഷങ്ങളായി നുണകൾ ആവർത്തിച്ചതുകൊണ്ട് അവ സത്യമാകുന്നില്ല. പാകിസ്ഥാന്റെ ഭീകരവാദവും വഞ്ചനയും ഇരട്ടത്താപ്പും അതിനോ ലോകത്തിനോ ഗുണം ചെയ്യില്ല.
ന്യൂയോർക്ക് നഗരവും ലോകവും ഭീകരമായ 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം ആചരിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഷെരീഫിന്റെ “വിചിത്രമായ പരാമർശങ്ങൾ” . ഈ പശ്ചാത്തലം… ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. കാരണം, അതിന്റെ സൂത്രധാരനായ ഒസാമ ബിൻ ലാദൻ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രധാന അക്കാദമിക്ക് തൊട്ടടുത്താണ് താമസിച്ചിരുന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീർ രാജ്യത്തിന്റെ അവിഭാജ്യവും വേർപെടുത്താനാവാത്തതുമായ ഭാഗമാണ്.
അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. എന്നാൽ കാശ്മീരിനെക്കുറിച്ച് സംസാരിക്കണമെങ്കിൽ, പാകിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന ജമ്മു കാശ്മീരിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം. ക്രൂരമായ കൊലപാതകങ്ങൾ, അതിക്രമങ്ങൾ, അടിസ്ഥാന അവകാശങ്ങളുടെ നിഷേധം എന്നിവയെക്കുറിച്ച് റാവലക്കോട്ടിലെ ജനങ്ങളോട് ചോദിച്ചുനോക്കൂ ‘ എന്നും പെറ്റൽ പറഞ്ഞു.
2025 മെയ് മാസത്തിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം, സിന്ധു നദീജല കരാർ, കാശ്മീർ വിഷയം എന്നിവയെക്കുറിച്ചായിരുന്നു ഷെരീഫ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിച്ചത് .2025 മെയ് മാസത്തിലെ സംഘർഷത്തിനിടെയുള്ള പാകിസ്ഥാന്റെ പ്രതികരണത്തെ തങ്ങളുടെ വിജയമായി വിശേഷിപ്പിച്ച ഷെരീഫ്, ആണവായുധ ശേഷിയുള്ള അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകുന്നത് തടയാൻ സഹായിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിക്കുകയും ചെയ്തു.

