ടൊറന്റോ ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ എം പി മാർ രംഗത്ത് . ഹൗസ് ഓഫ് കോമണ്‍സിലെ 153 അംഗ ഭരണകക്ഷിയില്‍ പകുതിയിലധികം പേരും ട്രൂഡോയ്ക്ക് എതിരാണ് . സ്വന്തം കക്ഷിയിലെ 80 എംപിമാരാണ് ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുള്ളത്.
അറ്റ്ലാന്റിക് കാനഡ, ഒന്റാറിയോ മേഖലകളിലെ മുഴുവന്‍ ലിബറല്‍ പാര്‍ട്ടി അംഗങ്ങളും ട്രൂഡോയ്ക്കെതിരാണ്. ആല്‍ബര്‍ട്ടയില്‍ നിന്നുള്ള ഇന്‍ഡോ- കനേഡിയന്‍ എംപി ജോര്‍ജ് ചാഹല്‍ നേരത്തെതന്നെ രാജി ആവശ്യം ഉന്നയിച്ചിരുന്നു.
അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കാന് ഒരു പുതിയ നേതാവ് വരണമെന്ന ആവശ്യമാണ് ഉയരുന്നത്. വോട്ടെടുപ്പ് 2025 ഒക്ടോബറിലാണെങ്കിലും ട്രൂഡോ വീണാല്‍ അത് നേരത്തെ ഉണ്ടാകും. പ്രതിപക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജനുവരി അവസാനത്തോടെ അവിശ്വാസപ്രമേയം കൊണ്ടുവരാനിരിക്കെയാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നത്.
ആംഗസ് റീഡ് ഇന്‍സ്റ്റിറ്റിയൂട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സര്‍വേയില്‍ ലിബറല്‍ പാര്‍ട്ടിയുടെ പിന്തുണ വെറും 16% മാത്രമാണ്. പാര്‍ട്ടിയുടെ 157 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം കണക്കാണിത്.20 വയസിന് താഴെയുള്ളവരില്‍ 22 ശതമാനം പേര് മാത്രമേ ജസ്റ്റിന് ട്രൂഡോയെ പിന്തുണയ്ക്കുന്നുള്ളൂ.