ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം ഉയർന്നു. ഭവന വകുപ്പിന്റെ കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം 17,527 പേർക്കാണ് വീടില്ലാത്തത്. ഇതേ തുടർന്ന് ഇവരെല്ലാവരും അടിയന്തിര താമസ സൗകര്യങ്ങളിലാണ് കഴിയുന്നത്. ജൂണുമായി താരതമ്യം ചെയ്യുമ്പോൾ 45 പേരാണ് അധികമായി ഭവനരഹിതരായത്.
വീടില്ലാത്ത കുട്ടികളുടെ എണ്ണത്തിലും ഈ മാസം വർധനവ് ഉണ്ടായിട്ടുണ്ട്. ജൂണിൽ വീടില്ലാത്ത മുതിർന്നവരുടെ എണ്ണം 11,864 ആയിരുന്നു. എന്നാൽ ജൂലൈയിൽ ഇത് 11,868 ആയി ഉയർന്നു. ജൂണിൽ ഭവന രഹിതരായ 5,620 കുട്ടികൾ ആയിരുന്നു അടിയന്തിര താമസസൗകര്യങ്ങളിൽ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ഇത് 5,659 ആയി ഉയർന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഭവന രഹിതരുടെ എണ്ണത്തിൽ 9.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

