തിരുവനന്തപുരം : ടി പി കൊലക്കേസ് പ്രതി കൊടി സുനിക്ക് ഒരു മാസത്തെ പരോള് അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നും, സർക്കാർ തീരുമാനം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം ഉന്നത നേതൃത്വത്തിന് പരോൾ തീരുമാനത്തിൽ പങ്കുണ്ടെന്നും, നേതൃത്വത്തിന്റെ അറിവിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട്ട് പ്രതിയായ കൊടി സുനിക്ക് എതിരായിട്ട് കൂടി പരോൾ ലഭിക്കാൻ കാരണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഉപജാപക സംഘത്തിന്റെയും ഇടപെടലാണെന്നും സതീശൻ കൂട്ടിചേർത്തു.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളിയായി ജയിലിൽ പോയ പ്രതി , ജയിലിൽ കഴിയവേ തന്നെ നിരവധി ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടിരുന്നു. അത്തരം സാഹചര്യത്തിൽ അമ്മയുടെ അസുഖത്തിന്റെ പേരിൽ പരോളിൽ വിടുകയാണെങ്കിൽ വീണ്ടും അത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയില്ല എന്ന് എന്ത് ഉറപ്പാണുള്ളതെന്നും സതീശൻ ചോദിച്ചു. കൂടാതെ, കൊലയാളികൾക്കുള്ള പൂർണ്ണ സംരക്ഷണം ഏർപ്പെടുത്തിയും, കൊലപാതകങ്ങൾ ആസൂത്രണം ചെയ്തും അധപ്പതിച്ച പാർട്ടിയായി മാറിയിരിക്കുകയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം പെരിയയിലെയും ടി പിയുടെയും കൊലപാതകികളെയും, കൂടാതെ
നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിവരെയും ഇത് പോലെ സംരക്ഷിക്കുമെന്നാണ് പിണറായി സർക്കാർ ഇത്തരം പ്രവർത്തികളിലൂടെ ജനങ്ങളോട് പറയുന്നതൊന്നും
സതീശൻ ആരോപിച്ചു.
ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാർ ക്രിമിനലുകളെയും ലഹരി മാഫിയകളെയും സംരക്ഷിക്കുന്നവരായി മാറുന്നത് കേരളത്തിന് തന്നെ അപമാനമാണ്, യഥാർത്ഥ കമ്മ്യുണിസ്റ്റുകാരും സത്യസന്ധരായ പ്രവർത്തകരും സർക്കാരിന്റെ ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യുന്ന നാളുകൾ അത്ര വിദൂരമല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ആർ എം പി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് കൊടി സുനി. 2012 മെയ് 4-ന് വടകരക്കടുത്തു വള്ളിക്കാട് വച്ചാണ് ടി പിയെ കൊലപ്പെടുത്തിയത്. ഇന്നോവ കാറിൽ ടി പിയെ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.