ന്യൂഡൽഹി : ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവിലേക്ക് പുതുതായി നിയമിതരായ ഭാരവാഹികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ കാഴ്ചപ്പാടുകളിലും ആശയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഇത്തരം യോഗങ്ങളെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ദേശീയ പ്രസിഡന്റ് നിതിൻ നവീൻ നയിക്കുന്ന പുതിയ ബിജെപി ടീമിനെ ഓഗസ്റ്റ് 17 നാണ് പ്രഖ്യാപിച്ചത്. സ്ഥാനമൊഴിയുന്ന ദേശീയ എക്സിക്യൂട്ടീവിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ബിജെപിയുടെ പുതിയ ഉപാധ്യക്ഷൻ റാം മാധവ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ. സന്തോഷ്, ട്രഷററും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
“പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുമായുള്ള ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുമുള്ള പുതിയ ആശയങ്ങളിലും സമീപനങ്ങളിലുമാണ് സംഘടനാ യോഗങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാർട്ടി സഹപ്രവർത്തകരുമായും പുതിയ സംഘടനാ ടീമുമായും വളരെ ഫലപ്രദമായ സംഭാഷണം നടത്തി,” എന്നാണ് യോഗത്തെ പറ്റി എക്സിൽ മോദി പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും പാർട്ടി “സേവാ പഖ്വാഡ” സംഘടിപ്പിക്കാറുണ്ടെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പറഞ്ഞു. ഇത്തവണ പ്രധാനമന്ത്രി മോദിയുടെ പൊതുജീവിതവും പ്രധാനമന്ത്രിയുടെ സേവനത്തിന്റെ 25 വർഷവും മുന്നിൽ കണ്ട് “സേവാ സങ്കൽപ് അഭിയാൻ” നടത്താനും തീരുമാനിച്ചിട്ടുണ്ട് . ഈ കാമ്പെയ്ൻ ഒരു മാസത്തോളം രാജ്യമെമ്പാടും നടക്കും.
പ്രധാനമന്ത്രി മോദിയുടെ “സേവാ ഭാവ്” (സേവന മനോഭാവം) പൊതുജന പങ്കാളിത്തവുമായി ബന്ധിപ്പിക്കുക എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നത്. സാമൂഹിക സേവനം ചെയ്യുന്നതിന്റെ റീലുകൾ സൃഷ്ടിക്കാനും അവ സോഷ്യൽ മീഡിയയിൽ പങ്കിടാനും ആളുകളെ പ്രോത്സാഹിപ്പിക്കും. ഇത് മറ്റുള്ളവരെ സാമൂഹിക സേവനത്തിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കും. ഇതിനായി “എന്റെ സേവനത്തിനുള്ള സംഭാവന” പോലുള്ള പരിപാടികൾ നടത്തും.
“സേവാ സേതു” ആയിരിക്കും ഈ കാമ്പെയ്നിന്റെ ഒരു പ്രധാന ഘടകം. പ്രധാനമന്ത്രി മോദിയുടെ കാലത്ത് ആരംഭിച്ച വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഏതെങ്കിലും കാരണത്താൽ ഒഴിവാക്കപ്പെട്ട ആളുകളെ ബന്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ബ്ലോക്ക് തലത്തിൽ ഏകദേശം 15 ദിവസത്തേക്ക് പ്രത്യേക ക്യാമ്പുകൾ നടക്കും. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അവശ്യ ജീവനക്കാരും ഈ ക്യാമ്പുകളിൽ ഉണ്ടായിരിക്കും, അതുവഴി ആളുകൾക്ക് അവരുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ കഴിയും.
സേവാ സങ്കൽപ്പ് അഭിയാനിൽ “നാഷണൽ ഇന്നൊവേഷൻ ചലഞ്ച്” എന്ന പരിപാടിയും നടക്കും. ഇതനുസരിച്ച് യുവാക്കളെ അവരുടെ പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ഈ പ്രശ്നങ്ങൾക്ക് പ്രായോഗികപരിഹാരങ്ങൾ കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്യും. ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഈ മത്സരം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

