ഹൈദരാബാദ്: യാഷിന്റെ പുതിയ ചിത്രമായ ‘ടോക്സിക്’ ന്റെ പ്രമോഷൻ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് . മല്ല റെഡ്ഡി സർവകലാശാലയിൽ നടന്ന പരിപ്പിക്കിടെയാണ് അപകടം. കൂറ്റൻ സൗണ്ട് ബോക്സ് വച്ചിരുന്ന സ്റ്റാൻഡിൽ വിദ്യാർത്ഥികൾ കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
യാഷിനെ കാണാൻ വേദിക്ക് സമീപം ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നു . വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ പോലീസും ഏറെ ബുദ്ധിമുട്ടായിരുന്നു. യാഷ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അപകടമുണ്ടായത് . തുടർന്ന് പരിപാടി നിർത്തി വച്ചു . അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യാഷ് ഇരട്ട വേഷത്തിൽ എത്തുന്ന ടോക്സിക് സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. ഓഗസ്റ്റ് 26 ന് തിരുവോണം ദിനത്തിൽ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. കെജിഎഫ്: ചാപ്റ്റർ 2 ന് ശേഷം യാഷ് പ്രധാന വേഷത്തിൽ എത്തുന്ന ഒരു പാൻ-ഇന്ത്യൻ ചിത്രമാണിത് . നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണനും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

