ന്യൂഡൽഹി: ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇന്തോനേഷ്യയുടെ ഐറിൻ സുകന്ദറിനെ പരാജയപ്പെടുത്തി 2024 ഫിഡെ വനിതാ റാപ്പിഡ് ചെസ് ലോക കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ഇതിഹാസ താരം കൊനേരു ഹംപി. 2019ലും കിരീട നേട്ടം സ്വന്തമാക്കിയിട്ടുള്ള ഹംപി, ഫിഡെ വനിതാ റാപ്പിഡ് ചെസ് ലോക കിരീടം ഒന്നിൽ കൂടുതൽ തവണ വിജയിക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം താരമാണ്.
11 റൗണ്ടുകളിൽ നിന്നും 8.5 പോയിന്റുകൾ സ്വന്തമാക്കിയാണ് 37 വയസ്സുകാരിയായ ഇന്ത്യൻ ഒന്നാം നമ്പർ താരം തന്റെ കരിയറിലെ രണ്ടാം ലോക കിരീട നേട്ടം ആഘോഷിച്ചത്. റാപ്പിഡ് ചാമ്പ്യൻഷിപ്പുകളിൽ മികച്ച റെക്കോർഡ് സ്വന്തമായിട്ടുള്ള താരം, 2012ലും കഴിഞ്ഞ വർഷവും നടന്ന ചാമ്പ്യൻഷിപ്പുകളിൽ വെള്ളി മെഡലും സ്വന്തമാക്കിയിട്ടുണ്ട്.
സിംഗപ്പോറിൽ അടുത്തിടെ നടന്ന ക്ലാസിക്കൽ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിംഗ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ് ലോക ചാമ്പ്യനായിരുന്നു. ഈ ചരിത്ര വിജയാഘോഷത്തിന്റെ അലയൊലികൾ അടങ്ങുന്നതിന് മുൻപേ ഹംപി നേടിയ ഈ തകർപ്പൻ വിജയം, ചെസ്സ് ബോർഡിലെ ഇന്ത്യയുടെ അപ്രമാദിത്വം വിളിച്ചോതുന്നതാണ്.