കൊച്ചി : മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ വിയോഗത്തെ തുടർന്ന് കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല. ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചാരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം .
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. റാലി ഉൾപ്പെടെയുള്ള പരിപാടികളും റദ്ദ് ചെയ്തു. ഫോർട്ട് കൊച്ചി ഡെപ്യൂട്ടി കളക്ടർ കെ മീര ഐഎഎസ് ആണ് വാർത്താക്കുറിപ്പിലൂടെ വിവരം അറിയിച്ചത്.
എന്നാൽ പ്രാദേശിക കൂട്ടായ്മ വെളി ഗ്രൗണ്ടിൽ നടത്തുന്ന പരിപാടികൾക്ക് മാറ്റം ഉണ്ടാകില്ല. ഇവിടെ ഒരുക്കിയിരിക്കുന്ന പപ്പാഞ്ഞിയെ കത്തിക്കും. 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയാണ് ഇവിടെ അഗ്നിക്കിരയാക്കുക.
വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ കഴിഞ്ഞ ദിവസം ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകിയിരുന്നു. പപ്പാഞ്ഞിയെ പൊളിച്ച് മാറ്റണമെന്ന പോലീസ് ആവശ്യം നിരാകരിച്ച കോടതി, പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡ് തീർക്കാനും നിർദ്ദേശം നൽകിയിരുന്നു.