കൊച്ചി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദമാകുന്നു. സംഭവത്തിൽ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു.
മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യം കേഴുമ്പോൾ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നടപടി അനാദരവും അനൗചിത്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി അത്തരം ഒരു ചടങ്ങിൽ സംബന്ധിക്കാൻ പാടില്ലായിരുന്നു. പരിപാടി മാറ്റിവെക്കാൻ വിമാനത്താവള മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടിയിൽ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
സിയാൽ നിർമ്മിച്ച് ഐ എച്ച് സി എൽ താജ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. അതേസമയം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, വിദേശരാജ്യ പ്രതിനിധികളുടെ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ന്യൂഡൽഹിയിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ഭൗതികദേഹം സംസ്കരിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമ്മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉന്നത നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.