തിരുവനന്തപുരം: ഉപയോഗ ശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷിനീൽ കൈ കുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ കരാർ ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് അപകടം. ബെംഗളൂരു സ്വദേശിയായ അശോക് ( 48) ആണ് മരിച്ചത് . ആർബിഐയുടെ കരാർ ഏറ്റെടുത്ത ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു അശോക് . അടുത്തിടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.
ഉപയോഗ ശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷിൻ ഘടിപ്പിച്ച് ട്രയൽ റൺ നടത്തുന്നതിടെ മെഷീന്റെ ബെൽറ്റിൽ കൈ കുടുങ്ങുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ഭാഗം മെഷീനും, ബെൽറ്റിനുമിടയിലായി കുടുങ്ങി. അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ പറ്റിയിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.

