ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മെറ്റയിലെ ഉദ്യോഗസ്ഥരുമായി പാർലമെന്ററി കമ്മിറ്റി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് മെറ്റയുടെ ഉടമയായ മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തേണ്ടിവരുമെന്ന് ബിജെപി എംപിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നിഷികാന്ത് ദുബെ യോഗത്തിന് ശേഷം പ്രസ്താവിച്ചു.
പാർലമെന്ററി കമ്മിറ്റി യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ക്ഷമാപണം നടത്തിയിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് അത് അബദ്ധത്തിൽ ഇല്ലാതാക്കിയതെന്നാണ് മെറ്റയുടെ നിലപാട് . എന്നാൽ വിഷയം ക്ഷമാപണത്തിനപ്പുറം ആണെന്നും മെറ്റയ്ക്ക് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ലെന്നും പാർലമെന്ററി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു..
“പ്രധാനമന്ത്രിയുടെ ഉള്ളടക്കം മെറ്റാ ഇന്ത്യ നീക്കം ചെയ്തത് എന്തുകൊണ്ടാണെന്നതാണ് ചോദ്യം. മെറ്റാ ഇന്ത്യ ഇത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നത്. മെറ്റാ ഇന്ത്യ ഉടമ മാർക്ക് സക്കർബർഗ് തന്നെ ജനുവരിയിൽ 2024 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു പ്രസ്താവന നടത്തുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണ് അവരുടെ ഉദ്ദേശ്യമെന്നാണ് ഇത് കാണിക്കുന്നത്,” കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന് അധ്യക്ഷത വഹിച്ച ബിജെപി എംപി ഡോ. നിഷികാന്ത് ദുബെ പറഞ്ഞു.
“ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒരു വീഡിയോ നീക്കം ചെയ്യുന്നത് , അഞ്ച് മണിക്കൂർ പുലർച്ചെ 12:30 മുതൽ പുലർച്ചെ 5:00 വരെ വീഡിയോ കാണാനില്ലെന്ന് മെറ്റ തന്നെ സമ്മതിച്ചാൽ ഇത് വളരെ ഗുരുതരമായ കാര്യമാണ്. അതുകൊണ്ട് ഞങ്ങളുടെ കമ്മിറ്റി വ്യക്തമായി പറയുന്നു സക്കർബർഗ് ക്ഷമാപണം നടത്തണം “ – നിഷികാന്ത് ദുബെ പറഞ്ഞു.

