മെൽബൺ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരത്തിൽ ഒന്നാം ദിനം ആതിഥേയരായ ഓസ്ട്രേലിയക്ക് മേൽക്കൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മുൻ നിര ബാറ്റ്സ്മാന്മാരുടെ മികച്ച ബാറ്റിംഗാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓപ്പണർ സാം കോൺസ്റ്റാസ് 60 റൺസും ഉസ്മാൻ ഖവാജ 57 റൺസും നേടിയപ്പോൾ ഓപ്പണിംഗ് വിക്കറ്റിൽ ഓസീസ് 89 റൺസ് നേടി. മികച്ച ബാറ്റിംഗ് പുറത്തെടുത്ത മാർനസ് ലബൂഷെയ്ൻ സെഞ്ച്വറി പ്രതീക്ഷ ഉണർത്തിയെങ്കിലും 72 റൺസിൽ മടങ്ങി. അലക്സ് കെയ്രി 31 റൺസെടുത്തു. നിലവിൽ 68 റൺസുമായി ബാറ്റിംഗ് തുടരുന്ന സ്റ്റീവ് സ്മിത്തിന് കൂട്ടായി 8 റൺസുമായി ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് ക്രീസിൽ.
തകർപ്പൻ ഫോം തുടരുന്ന ജസ്പ്രീത് ബൂമ്ര 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആകാശ്ദീപിനും ജഡേജക്കും വാഷിംഗ്ടൺ സുന്ദറിനും ഓരോ വിക്കറ്റ് ലഭിച്ചു.