അസർബൈജാൻ എയർലൈൻസിൽ നിന്നുള്ള യാത്രാ വിമാനം ലാൻഡിംഗിനിടെ കത്തിയമർന്നു .39 പേർ മരിച്ചു. അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. 39 മരണം സ്ഥിരീകരിച്ചതായി കസാഖ്സ്ഥാൻ മിനിസ്ട്രി ഓഫ് എമർജൻസീസ് അറിയിച്ചു.
കസാക്കിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നെങ്കിലും ഗ്രോസ്നിയിൽ മൂടൽമഞ്ഞ് കാരണം വഴിതിരിച്ചുവിട്ടു.
വിമാനം ഉയരത്തിൽ നിന്ന് അതിവേഗം താഴ്ന്ന് പറക്കുന്നതിന്റെയും തീ പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു.വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അടിയന്തര ലാൻഡിംഗ് അഭ്യർത്ഥിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പൈലറ്റുമാർ അവസാനം വരെ വേഗവും ഉയരവും നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു .
വിമാനത്താവളത്തിന് സമീപം വട്ടമിട്ട് പറക്കാൻ തുടങ്ങിയ വിമാനം പിന്നീട് തകർന്നുവീഴുകയായിരുന്നു. വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് വഴി ചിലരെ രക്ഷപ്പെടുത്തുകയും ഡീബോർഡ് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.