റായ്പൂർ: പാവപെട്ട സ്ത്രീകൾക്കായുള്ള സർക്കാർ പദ്ധതിയിൽ സിനിമാതാരം സണ്ണിലിയോണും .ഛത്തീസ്ഗഡ് സർക്കാരിന്റെ മഹാതാരി വന്ദൻ പദ്ധതിയിലാണ് സണ്ണി ലിയോൺ കയറിപ്പറ്റിയത്. അപ്രതീക്ഷിത ഗുണഭോക്താവിന് കണ്ട് ഞെട്ടിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഒരാൾ നടിയുടെ പേരിൽ വ്യാജരേഖ ചമച്ചതായി കണ്ടെത്തി.
ഉദ്യോഗസ്ഥരുടെ അപാകത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുത്ത് അന്വേഷിക്കാൻ ബസ്തർ കലക്ടർ ഹാരിസ് ഉത്തരവിട്ടു. ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ദുരുപയോഗം ചെയ്ത പണം തിരിച്ചുപിടിക്കാനും ഉത്തരവിൽ പറയുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, അങ്കണവാടി ജീവനക്കാരിയായ വേദമതി ജോഷിയുടെ വ്യാജ രേഖകൾ ഉപയോഗിച്ചാണ് വീരേന്ദ്ര ജോഷിയെന്നയാൾ പണം തട്ടിയതെന്ന് കണ്ടെത്തി. ഇയാൾ വ്യാജ അക്കൗണ്ടിൽ നിന്നും പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. 2024 മാർച്ച് മുതൽ ഇയാൾക്ക് എല്ലാ മാസവും പണം ലഭിക്കുന്നുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്.
2024‑ൽ ആരംഭിച്ച മഹാതാരി വന്ദൻ സ്കീം വഴി 21 വയസ്സിന് മുകളിലുള്ള വിവാഹിതർ, വിധവകൾ, വിവാഹമോചിതർ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ള സാമ്പത്തികമായി ദുർബലരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.