ധാക്ക : മ്യാൻമറിലെ ജുണ്ട സൈനിക ഗവൺമെൻ്റും വിമത അരാകൻ സൈന്യവും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്നതിനിടെ റോഹിങ്ക്യകൾ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നു. റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം കാരണം, ബംഗ്ലാദേശ്-മ്യാൻമർ അതിർത്തിയിലും അഴിമതി വർദ്ധിച്ചു. പണം വാങ്ങി റോഹിങ്ക്യകളെ അതിർത്തി കടത്തി വിടുന്നവരും സജീവമാണ്.
‘ ഇനിയും റോഹിങ്ക്യൻ അഭയാർഥികളെ വരാൻ അനുവദിക്കാനാവില്ലെന്നതാണ് മ്യാൻമർ വിഷയത്തിൽ ഞങ്ങളുടെ നിലപാടെന്നും എന്നിട്ടും ചിലപ്പോഴൊക്കെ ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാവുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് 60,000 റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ബംഗ്ലാദേശിലേക്ക് വരാൻ ഞങ്ങൾ അനുമതി നൽകിയത്, ഞങ്ങൾ അവരെ ബംഗ്ലാദേശിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെങ്കിലും, അവർ വ്യത്യസ്ത വഴികളിലൂടെ ഇവിടെയെത്തി.‘ – ‘ ബംഗ്ലാദേശിലെ വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദ് ഹുസൈൻ പറഞ്ഞു.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന റാഖൈൻ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഭാഗങ്ങളും വിമത സംഘടനയായ അരാകൻ സൈന്യം പിടിച്ചെടുത്തു. അതിർത്തി പ്രശ്നങ്ങളിലും റോഹിങ്ക്യൻ അഭയാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വിമത ഗ്രൂപ്പുകളുമായി ചർച്ച സാധ്യമല്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയിട്ടുണ്ട്