അമൃത്സർ ; അതിർത്തി കടന്നുള്ള മയക്കുമരുന്ന് സംഘാംഗങ്ങളെ പിടികൂടി പഞ്ചാബ് പോലീസ് . 70 കോടി രൂപയുടെ ഹെറോയിനും കണ്ടെടുത്തു . പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവാണ് ഇക്കാര്യം അറിയിച്ചത്.
ബട്ടാലയിലെ തൽവാനി ഭാരത് സ്വദേശി സുഖ്ദേവ് സിംഗ് (60), അമൃത്സർ ജില്ലയിലെ ബാഗിയാഡി സ്വദേശി അവതാർ സിംഗ് എന്ന താരി (45) എന്നിവരാണ് അറസ്റ്റിലായത് . ഇവരിൽ നിന്ന് 10 കിലോ ഹെറോയിൻ കണ്ടെടുത്തു, രാജ്യാന്തര വിപണിയിൽ 70 കോടിയോളം രൂപ ഇതിനു വില വരും. 2015ൽ മയക്കുമരുന്ന് കടത്ത് കേസിൽ ഈ രണ്ട് പ്രതികളും രണ്ട് പാകിസ്ഥാൻ പൗരന്മാരും അറസ്റ്റിലായിരുന്നു . അന്ന് ഇവരിൽ നിന്ന് 2.5 കിലോ ഹെറോയിൻ, 65 ലക്ഷം രൂപയുടെ മയക്കുമരുന്ന് പണം, ഒരു പിസ്റ്റൾ, റൈഫിൾ എന്നിവ കണ്ടെടുത്തിരുന്നു.
അതിർത്തിക്കപ്പുറത്ത് നിന്ന് 19.5 കിലോഗ്രാം ഹെറോയിൻ കൊണ്ടുവന്ന് പാകിസ്ഥാൻ കള്ളക്കടത്തുകാരെ വീട്ടിൽ താമസിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു .സുഖ്ദേവ് സിംഗ് കഴിഞ്ഞ വർഷം ജയിലിൽ നിന്ന് പുറത്തിറങ്ങി, സെപ്തംബർ മാസത്തിൽ അവതാർ സിംഗ് ജാമ്യത്തിൽ പുറത്തിറങ്ങി. ജയിൽ മോചിതരായ ശേഷം വീണ്ടും കള്ളക്കടത്തുമായി മുന്നോട്ട് പോകുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഡ്രോണുകൾ വഴി പാക്കിസ്ഥാനിൽ നിന്ന് ഇവർക്ക് വൻ തോതിൽ ഹെറോയിൻ ലഭിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.