തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ ആർ. സുഗതന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊലപാതക ശ്രമ കേസിലും പോലീസിനെ ആക്രമിച്ച കേസിലുമാണ് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുഗതന് ജാമ്യം അനുവദിച്ചത്.
ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരിൽ എടുത്ത സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് ജാമ്യം ലഭിച്ചത് . എങ്കിലും, കാപ്പ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ മാത്രമേ സുഗതന് പുറത്തിറങ്ങാൻ കഴിയൂ.
മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംഗ്ഷനിൽ അരുവിപ്പുറം കുളുമലയിലെ പ്രശാന്തിനെ മർദ്ദിച്ച കേസിലും കാപ്പ കേസിൽ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതന് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ രണ്ട് കേസുകളിലും കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.
എന്നാൽ, അനുവദിച്ച സമയപരിധിക്ക് മുമ്പ് കോർപ്പറേഷനിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുഗതൻ വീണ്ടും ജാമ്യാപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 13 ന് വൈകുന്നേരം 5 മണി മുതൽ ജൂലൈ 14 ന് രാത്രി 9 മണി വരെ ഇടക്കാല ജാമ്യം അനുവദിച്ചു. ജയിലിൽ നിന്ന് വസതിയിലേക്കുള്ള യാത്രാ സമയം പരിഗണിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

