കോഴിക്കോട്: കനത്ത മഴയ്ക്കിടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു . ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കെട്ടിടം തകർന്നു വീണത് . കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടം. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവറണ് പൂർണ്ണമായും തകർന്നത് . സംഭവസമയത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടസമയത്ത് കെട്ടിടത്തിൽ ജീവനക്കാർ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം പരിശോധിക്കും. കോഴിക്കോട് വഴിയുള്ള ചില ട്രെയിനുകൾ വൈകും. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ഒന്നര മണിക്കൂറും, മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും.
ഷീറ്റുകൾ ഉൾപ്പെടെയുള്ള കെട്ടിട അവശിഷ്ടങ്ങൾ പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനുകൾക്ക് മുകളിൽ വീണു. മുൻകരുതൽ നടപടിയായി, ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലെ വൈദ്യുതി വിച്ഛേദിച്ചു. ഇത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴാണ് ക്ലോക്ക് ടവർ തകർന്നു വീണത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സമയമെടുക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

