കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബരുയിപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിച്ച വിമത എംപി സായോണി ഘോഷിനെതിരെ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും ഉയർന്നു. സായോണി ഘോഷ് എത്തിയപ്പോൾ ചിലർ ‘ഗദ്ദാർ’, ‘ബീമാൻ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്തുപോയതിനെതിരെയാണ് പ്രതിഷേധം ഉയർന്നത് . സായോണി പാർട്ടിയെ വഞ്ചിച്ചുവെന്ന് പ്രകടനക്കാർ ആരോപിച്ചു. അടുത്തിടെ സായോണി അടക്കം 19 മുൻ ടിഎംസി എംപിമാരും നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കുമിടയാക്കി.
സായോണിയ്ക്കൊപ്പമെത്തിയ എൻസിപിഐ പ്രതിനിധി സംഘത്തെ പ്രദേശത്ത് പ്രവേശിക്കുന്നതിൽ നിന്ന് പോലീസ് ആദ്യം തടഞ്ഞു, പിന്നീട് കർശന സുരക്ഷാ ക്രമീകരണങ്ങളിൽ അവർക്ക് പ്രവേശനം അനുവദിച്ചു.’എന്റെ സ്വന്തം മകൾക്ക് സംഭവിച്ചതുപോലെ തോന്നുന്നു. ഉത്തരവാദികൾക്ക് ഏറ്റവും കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം സാധ്യമായ എല്ലാ വിധത്തിലും ഞങ്ങൾ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്.’ സായോണി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, അഗ്നിമിത്ര പോൾ, ലോക്കറ്റ് ചാറ്റർജി എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘവും കുടുംബത്തെ സന്ദർശിച്ചു.ബിമൻ ബാനർജി, ദോല സെൻ, പ്രതിമ മൊണ്ടൽ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ടിഎംസി നേതാക്കൾ കഴിഞ്ഞ ദിവസം കുടുംബത്തെ സന്ദർശിച്ചിരുന്നു.ജൂലൈ 4 നാണ് 12 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. ഞായറാഴ്ച ബറുയിപൂരിലെ സുർജ്യാപൂർ ഹാത്ത് പ്രദേശത്ത് ചാക്കിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

