വഡോദര ; 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ 38 കുറ്റവാളികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ച പ്രത്യേക കോടതിയുടെ 2022 ലെ വിധി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി . ശിക്ഷകൾക്കെതിരെ സമർപ്പിച്ച എല്ലാ അപ്പീലുകളും തള്ളി.
2008 ജൂലൈ 26 ന് അഹമ്മദാബാദിനെ പിടിച്ചുകുലുക്കിയ ബോംബ് ആക്രമണത്തിൽ ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീൻ (ഐഎം) അംഗങ്ങളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതിയുടെ വിധി ജസ്റ്റിസുമാരായ എ വൈ കോഗ്ജെ, സമീർ ദവെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ശരിവച്ചത്.
70 മിനിറ്റിനുള്ളിൽ 21 സ്ഥലങ്ങളിലായി നടന്ന സ്ഫോടന പരമ്പരകളിൽ 56 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന നിരവധി ആശുപത്രികളും ഭീകരർ ലക്ഷ്യമിട്ടിരുന്നു, ഇത് ഭീകരാക്രമണത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
2022 ഫെബ്രുവരിയിൽ, പ്രത്യേക കോടതി 38 കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. കേസ് “അപൂർവങ്ങളിൽ അപൂർവ” വിഭാഗത്തിൽ പെടുന്നതായി വിശേഷിപ്പിച്ചായിരുന്നു . പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.

