പാരീസ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ പാകിസ്താൻ തന്നെയാണെന്ന ഇന്ത്യൻ നിലപാട് ശരിവെക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം. ഫ്രഞ്ച് മാസികയായ ലെ സ്പെക്റ്റക്കിൾ ഡു മോണ്ടിൽ വന്ന വിശദമായ അന്വേഷണ റിപ്പോർട്ടിലാണ് ജെയ്ഷെയും പാകിസ്താനും തമ്മിലുള്ള ബന്ധങ്ങൾ അക്കമിട്ട് നിരത്തുന്നത്.
ഭീകരതയ്ക്കെതിരായ അന്താരാഷ്ട്ര പോരാട്ടത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനങ്ങളാണ് കാലാകാലങ്ങളായി പാകിസ്താൻ സ്വീകരിച്ച് പോരുന്നതെന്ന് ജെയ്ഷെ മുഹമ്മദുമായുള്ള പാക് ബന്ധം വിശകലനം ചെയ്യുന്ന ലേഖനത്തിൽ പറയുന്നു. ലെ സ്പെക്റ്റക്കിൾ ഡു മോണ്ടിന്റെ എഡിറ്റർ ഇൻ ചീഫ് ആന്റൊണി കൊളോണ എഴുതിയ ലേഖനം, മാസികയുടെ ശൈത്യകാല എഡിഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ജെയ്ഷെ മുഹമ്മദ്, ട്രബിൾഡ് ഗെയിംസ് ഇൻ പാകിസ്താൻ‘ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിന് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്.
പാക് പഞ്ചാബിലെ ബഹവല്പൂരിലാണ് പുനരുദ്ധീകൃത ജെയ്ഷെയുടെ ശക്തികേന്ദ്രം. ഇവിടെ മർക്കസ് സുബഹാൻ അള്ളാഹ് പോലെയുള്ള വൻ പ്രസ്ഥാനങ്ങൾ ജെയ്ഷെ നടത്തുന്നുണ്ട്. ഇവിടെ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും സായുധ പരിശീലനം നൽകുന്നതിനുമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കേന്ദ്രങ്ങളുണ്ട്. ഡോർമിറ്ററികൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുവെന്ന് ലേഖനത്തിൽ പറയുന്നു.
പാകിസ്താൻ സൈനിക താവളത്തിൽ നിന്നും കേവലം എട്ട് കിലോമീറ്റർ മാത്രം അകലത്തിലാണ് മർക്കസ് സുബഹാൻ അള്ളാഹ് പ്രവർത്തിക്കുന്നത്. ഇവിടെ പകൽ വെളിച്ചത്തിൽ പരസ്യമായാണ് പരിശീലനം. ഈ വിവരങ്ങളെ സാധൂകരിക്കാൻ സാറ്റലൈറ്റ് ചിത്രങ്ങളും ദൃക്സാക്ഷി മൊഴികളും ലേഖനത്തിൽ ചേർത്തിട്ടുണ്ട്.
പ്ലാനറ്റ് ലാബ് വെബ്സൈറ്റിൽ നിന്നും ശേഖരിച്ച സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പ്രകാരം ജെയ്ഷെ മുഹമ്മദിന് ബഹവല്പൂരിൽ മാത്രം രണ്ട് കേന്ദ്രങ്ങളാണ് ഉള്ളത്. മർക്കസ് സുബഹാൻ അള്ളായ്ക്ക് പുറമേ ഉസ്മാനൊ അലി പള്ളിയും നിയന്ത്രിക്കുന്നത് ജയ്ഷെയാണ്.
മർക്കസ് സുബഹാൻ അള്ളാ നിലകൊള്ളുന്നത് 60,000 ചതുരശ്ര മീറ്റർ സ്ഥലത്താണ്. ഭീകരൻ മസൂദ് അസ്ഹറിന്റെ അനന്തിരവൻ മുഹമ്മദ് അതാവുള്ള കഷീഫ് ആണ് ഇതിന്റെ നടത്തിപ്പുകാരൻ. ഒരേ സമയം 700 യുവാക്കൾക്കാണ് ഇവിടെ തീവ്രവാദ പരിശീലനം നൽകുന്നത്. അൻപതോളം ഉസ്താദുമാരുടെ മേൽനോട്ടത്തിലാണ് പരിശീലനം.
ഇന്ത്യാവിരുദ്ധ ആക്രമണങ്ങളിൽ ജെയ്ഷെ മുഹമ്മദിനെ സഹായിക്കുന്നത് പാക് ചാര സംഘടനയായ ഐ എസ് ഐ ആണെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു. 2000ൽ ഐ എസ് ഐയുടെ നിയന്ത്രണത്തിലുള്ള ജിൻ (ജോയിന്റ് ഇന്റലിജൻസ് നോർത്ത്) എന്ന സംഘടന ജെയ്ഷെ ഭീകരർക്ക് നേരിട്ട് പരിശീലനം നൽകിയിട്ടുണ്ട്.
ശക്തമായ സുരക്ഷാ വലയത്തിനുള്ളിലാണ് മർക്കസ് സുബഹാൻ അള്ളാ പ്രവർത്തിക്കുന്നത്. നിരവധി ഗാർഡ് പോസ്റ്റുകൾ ഇതിനുണ്ട്. സോളാർ പാനലുകൾ ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ് ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ ജെയ്ഷെ മുഹമ്മദിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചിരുന്നുവെന്ന് ലേഖനത്തിൽ വിശദീകരിക്കുന്നു. പാകിസ്താന്റെ സർക്കാർ സംവിധാനവും ഭീകര സംഘടനകളും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്ന ഇന്ത്യൻ നിലപാടിനെ ലേഖനം ഇവിടെ അടിവരയിടുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന ഇന്ത്യൻ ആരോപണത്തെ തുടർന്ന്, 2019ൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2022ൽ കൊവിഡ് കാലത്ത് പാകിസ്താനുള്ള സഹായങ്ങൾ സംഘടന പുനസ്ഥാപിച്ചിരുന്നു. ഈ നടപടിയെയും ലേഖനത്തിൽ ചോദ്യം ചെയ്യുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൽ നിന്നും പാകിസ്താന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ വലിയൊരു പങ്ക് പോകുന്നത് ജെയ്ഷെ മുഹമ്മദ് പോലെയുള്ള ഭീകര സംഘടനകളിലേക്കാണെന്ന് ആന്റൊണി കൊളോണ വിശദീകരിക്കുന്നു.
ഉപദ്വീപീയ മേഖയിൽ അസ്ഥിരത ഉണ്ടാക്കാനുള്ള വലിയ പദ്ധതികൾക്കാണ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളും പാക് സർക്കാരും ഉൾപ്പെടുന്ന ശൃംഖല തയ്യാറെടുക്കുന്നത്. ഇതിന് തടയിടാൻ എത്രയും വേഗം അന്താരാഷ്ട്ര ശക്തികൾ ശ്രമിച്ചില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം എന്ന മുന്നറിയിപ്പോടെയാണ് ‘ജെയ്ഷെ മുഹമ്മദ്, ട്രബിൾഡ് ഗെയിംസ് ഇൻ പാകിസ്താൻ‘ എന്ന ലേഖനം അവസാനിക്കുന്നത്.