തിരുവനന്തപുരം: ചാക്കോ വധക്കേസ് പുനരന്വേഷിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച് . രഹസ്യ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നീക്കം. കേരളത്തിലെ ഏറ്റവും കുപ്രസിദ്ധമായ കുറ്റകൃത്യങ്ങളിലൊന്നിന്റെ ദുരൂഹത പുറത്തുകൊണ്ടുവരാൻ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് പുനഃപരിശോധിക്കുന്നത്.
1984 ജനുവരി 21 നാണ് ചലച്ചിത്ര വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്ന ചാക്കോയെ സുകുമാര കുറുപ്പ് ക്രൂരമായി കൊലപ്പെടുത്തിയത്. ആലപ്പുഴയിലെ ചെങ്ങന്നൂരിനടുത്തുള്ള കൊല്ലകടവിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ചാക്കോയെ കാറിൽ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുറുപ്പ് കാർ കത്തിച്ചു. മരിച്ചത് താനാണെന്ന് വരുത്തി തീർത്ത് 30 ലക്ഷം രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു പദ്ധതി.
എന്നാൽ, പോലീസ് അന്വേഷണം എല്ലാം തകിടം മറിച്ചു. കൊലപാതകത്തിൽ സുകുമാര കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ അറസ്റ്റ് ചെയ്തു. അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാൽ രാജ്യം മുഴുവൻ വല വിരിച്ചിട്ടും സുകുമാര കുറുപ്പിനെ കണ്ടെത്താൻ പൊലീസിനായില്ല. കുറുപ്പിന്റെ തിരോധാനത്തെ പറ്റി കിംവദന്തികളും പുസ്തകങ്ങളും സിനിമകളും പോലും പുറത്തിറങ്ങി.
2022 ൽ, ഗുജറാത്തിലെ ഹിമന്ത്നഗറിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സുകുമാര കുറുപ്പിനെ കണ്ടതായി കഥകൾ പ്രചരിച്ചു. പത്തനംതിട്ടയിലെ ഒരു ബിവറേജസ് ഷോപ്പിന്റെ മാനേജരായ റെൻസീം ഇസ്മായിൽ, 15 വർഷം മുമ്പ് ഹിമന്ത്നഗറിൽ വെച്ച് താൻ കണ്ടത് കുറുപ്പിനെയാണെന്ന സംശയം അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

