കോഴിക്കോട്: യൂട്യൂബ് ചാനൽ മാത്രം നോക്കി പരീക്ഷയ്ക്ക് പഠിക്കരുത് എന്ന് വിദ്യാർത്ഥികളെ ഉപദേശിച്ച അദ്ധ്യാപകനെതിരെ വധഭീഷണി മുഴക്കി ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ അന്വേഷണം നേരിടുന്ന എം എസ് സൊല്യൂഷ്യൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബ്. എം എസ് സൊല്യൂൻസിനെതിരെ കുട്ടികളോട് സംസാരിച്ചാൽ വീട്ടിലെത്തി വീടടക്കം കത്തിക്കും എന്നാണ് ഭീഷണി. ഭീഷണിക്ക് പുറമേ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഷുഹൈബ് അദ്ധ്യാപകനെ അസഭ്യം പറയുന്നതിന്റെ ഓഡിയോ സ്വകാര്യ മാദ്ധ്യമം പുറത്ത് വിട്ടു.
ഭീഷണിയെ തുടർന്ന് മുഹമ്മദ് ഷുഹൈബിനെതിരെ അദ്ധ്യാപകർ കൊടുവള്ളി പോലീസിൽ പരാതി നൽകി. ആരെങ്കിലും തരുന്ന ചോദ്യപേപ്പർ മാത്രം നോക്കി പഠിക്കാതെ പാഠപുസ്തകം കൃത്യമായി പഠിച്ച് പരീക്ഷയെ നേരിട്ടാലേ ഭാവിയിൽ ഗുണമുണ്ടാകൂ എന്ന് ഉപദേശിച്ച അദ്ധ്യാപകനെതിരെയാണ് ഷുഹൈബിന്റെ കൊലവിളിയും അസഭ്യവർഷവും. ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ഒളിവിൽ പോയ ഷുഹൈബിനെ ഇതുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.
ഒന്നാം പാദവാർഷിക പരീക്ഷ സമയത്തായിരുന്നു മുഹമ്മദ് ഷുഹൈബ് അദ്ധ്യാപകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് പ്രാഥമിക പരിശോധന ആരംഭിച്ചതായാണ് റിപ്പോർട്ട്.