തിരുവനന്തപുരം: കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ലാറ്റിൻ കത്തോലിക്കാ സഭ . ഇത് സംബന്ധിച്ച് പൊതു ചർച്ചകൾ നടക്കുന്നതുവരെ നികുതി ഇളവ് നൽകുന്നത് നിർത്തി വയ്ക്കണമെന്ന് ലാറ്റിൻ കത്തോലിക്കാ സഭ യുഡിഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ നിലപാട് പുനഃപരിശോധിക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ലാറ്റിൻ സഭാ പുരോഹിതൻ യൂജിൻ പെരേര പ്രത്യാശ പ്രകടിപ്പിച്ചു. “സർക്കാർ ഈ വിഷയത്തിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് പൊതുജനങ്ങൾ ആഗ്രഹിക്കുന്നത്. പൊതുജനവികാരം കണക്കിലെടുത്ത് ഈ വിഷയം അവലോകനം ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും “ പെരേര പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251% ൽ നിന്ന് 120% ആയി കുറയ്ക്കാനുള്ള സർക്കാർ തീരുമാനമാണ് വിവാദമായിരിക്കുന്നത് . വിവിധ രാഷ്ട്രീയ, സാമൂഹികസംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

